അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി പുറത്തുവന്ന ഒസിസിആര്‍പി റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് നേരത്തെ അറിവുണ്ടായിരുന്നെന്ന ആക്ഷേപം ശക്തമാകുന്നു. ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധിക്കുകയും സെബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡിആര്‍ഐ വിശദാംശങ്ങള്‍ സെബിക്ക് കൈമാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
2014 ജനുവരിയില്‍ അന്നത്തെ ഡിആര്‍ഐ മേധാവി നജീബ് ഷാ അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് സെബിയ്ക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ നടപടി ഉണ്ടായില്ല. പിന്നാലെ ഡിആര്‍ഐ അന്വേഷണം അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അന്വേഷണം നിശ്ചലമാവുകയായിരുന്നു എന്ന് ഗാര്‍ഡിയന്‍ ആരോപിക്കുന്നു. നേരത്തെ, ജനുവരിയില്‍ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അതിന്റെ കണ്ടെത്തലുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.