മുതിർന്ന സി പി ഐ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന എൻ കെ കമലാസനൻ (92) അന്തരിച്ചു. തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, മിനിമം വേജസ് കമ്മിറ്റി അംഗം, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1930 ജനുവരി 26ന് കുട്ടനാട് പുളിങ്കുന്നിൽ കണ്ണാടി ഗ്രാമത്തിൽ കൃഷ്ണനെയും കുഞ്ഞി പെണ്ണിന്റെ മകനായി ജനിച്ചു. പുളിങ്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് 1945, 46, 47 വർഷങ്ങളിൽ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ വിദ്യാർത്ഥി സംഘടനയായ വിദ്യാർത്ഥി കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച കമലാസനൻ ഈ കാലത്ത് അറസ്റ്റ് വരിച്ച് എട്ടുമാസവും 13 ദിവസവും ജയിലിൽ കിടന്നു. അതോടെ സ്‌കൂളിൽ നിന്നും പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഒരു സ്‌കൂളിലും പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാരിന്റെ നിരോധന ഉത്തരവ് വന്നതോടെ വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പിന്നീട് പ്രൈവറ്റ് ആയി പഠിച്ചു. കോൺഗ്രസിന്റെ ഭരണകാലത്ത് വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്തിനെതിരെ പ്രതിഷേധിച്ച് മങ്കൊമ്പിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തു.
1950 കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് കർഷകത്തൊഴിലാളി രംഗത്ത് പ്രവർത്തനം ആരംഭിച്ച കമലാസനൻ 1952 മുതൽ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി 14 വർഷം പദവിയിൽ തുടർന്നു. നിരവധി കർഷകത്തൊഴിലാളി സമരങ്ങളിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും ചെയ്തു. 1955ൽ വെള്ളിസ്രാക്കൽ സമരത്തിൽ പങ്കെടുക്കുകയും ആക്ഷൻ കമ്മിറ്റി ജോയിൻ സെക്രട്ടറിയുമായി. 1959 വിമോചന സമരക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റു. 1960 മുതൽ 1964 വരെ കർഷകത്തൊഴിലാളികളുടെ മിനിമം കൂലി നിശ്ചയിച്ചിരുന്ന മിനിമം വേജസ് കമ്മിറ്റിയിൽ അംഗമായി. 1965 കുട്ടനാട് സപ്ലൈ ഓഫീസ് കേന്ദ്രീകരിച്ച് ഗവൺമെന്റ് രൂപീകരിച്ച പോപ്പുലർ കമ്മിറ്റിയുടെ ചെയർമാൻ ആയിരുന്നു. 1970 ൽ സ്വാതന്ത്ര്യസമരസേനാനികൾക്കുള്ള പെൻഷൻ അനുവദിച്ചു. 1972 മുതൽ കോട്ടയം ജില്ലാ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്നു. കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1995 എ കെ ജി പഠന കോൺഗ്രസ് നടത്തിയ ഇന്റർനാഷണൽ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ചു. 2002 സ്വാതന്ത്ര്യസമരസേനാനികളുടെ പെൻഷൻ അനുവദിക്കുന്ന സർക്കാർ കമ്മിറ്റിയിലെ അംഗവുമായിരുന്നു.
കുട്ടനാടും നക്ഷത്ര തൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടൻ ഓർമ്മക്കൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്നമണ്ണ,് കമ്മ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണൻ നായർ എന്നിങ്ങനെ നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.