പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 400 സീറ്റിന്റെ അവകാശ വാദവുമായി രംഗത്തിറങ്ങിയ ബിജെപിക്ക് പതിനെട്ടാം ലോക സഭ തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ച നിരാശകൾ ചെറുതല്ല! രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ രാജ്യമൊട്ടാകെ വൈകാരികമായി അവതരിപ്പിച്ചും രാജ്യം പിന്തുടർന്ന് വരുന്ന ഭരണ ഘടന മൂല്യങ്ങളും നിയമ വാഴ്ചയും അട്ടിമറിച്ച് ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകളെയും ചിന്തകളെയും ഇല്ലായ്മ ചെയ്തും രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുന്ന നയങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു മോദിയും കൂട്ടരും.
കേന്ദ്ര അന്വേഷണ എജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ തുറങ്കിലടച്ചും പ്രതിപക്ഷ പാർട്ടികളിൽ പിളർപ്പുകൾ സൃഷ്ടിച്ചും ബിജെപി മുന്നോട്ട് വെച്ച രാഷ്ട്രീയ നെറി കേടിന്നെതിരെയുള്ള ജനാധിപത്യ ഇന്ത്യയുടെ പ്രതിരോധം കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്ന ലക്ഷ്യം മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ക്ക് കേവല ഭൂരിപക്ഷം പോലും നഷ്ടമായെന്ന് മാത്രമല്ല അന്തിമ ഘട്ടത്തിൽ സഖ്യ കക്ഷികളായി രംഗ പ്രവേശനം ചെയ്ത ജനതാദൾ യുണൈറ്റഡിനെയും തെലുഗു ദേശം പാർട്ടിയെയും കൂട്ടു പിടിച്ച് സർക്കാർ രൂപീകരണത്തിന് ശ്രമിക്കേണ്ട അവസ്ഥയിലുമാണ്.
ബിജെപിയുടെ കുത്തകയായി അറിയപ്പെടുന്ന ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും കനത്ത ആഘാതമാണ് തെരഞ്ഞെടുപ്പ് ഫലം അവർക്ക് സമ്മാനിച്ചത്. വടക്കേ ഇന്ത്യയിൽ 2.3 ശതമാനത്തിന്റെയും പടിഞ്ഞാറൻ ഇന്ത്യയിൽ 14.4 ശതമാനത്തിന്റെയും നഷ്ടം ബിജെപിക്കുണ്ടായി. യുപിയിൽ നേരിട്ട സമാനതകളില്ലാത്ത തിരിച്ചടിയിൽ അക്ഷരാർത്ഥത്തിൽ നടുങ്ങിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 62 സീറ്റ് നേടിയയിടത്ത് ഇക്കുറി 33 ൽ ഒതുങ്ങി.
രാമ ക്ഷേത്രമടങ്ങുന്ന ഫൈസാബാദടക്കം അയോദ്ധ്യ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് വൻ തിരിച്ചടി നേരിട്ടത്. രാജസ്ഥാനിൽ 14 സീറ്റാണ് ഇത്തവണ ബി.ജെ.പിക്കുള്ളത്. കഴിഞ്ഞ തവണ 24 സീറ്റിൽ വിജയം നേടിയിരുന്നു. ബീഹാറിലാകട്ടെ ഇക്കുറി നേടിയത് 12 സീറ്റുകൾ, നിലവിൽ അത് 17 ആയിരുന്നു.2014 ലും 19 ലും വിജയം നേടിയ ഛണ്ഡീഗഢിലും ഇക്കുറി താമര വാടി. 2019 ൽ പത്തിൽ പത്തും നേടി സമ്പൂർണ്ണ വിജയക്കുതിപ്പ് നടത്തിയ ഹരിയാനയിൽ കർഷക സമരവും ഗുസ്തി താരങ്ങളുടെ പ്രതിഷേധവും പ്രതിഫലിച്ചപ്പോൾ ഇക്കുറി അഞ്ചിൽ ഒതുങ്ങി. ജാട്ട് വിഭാഗത്തിൽ പെട്ട കർഷകർ ബിജെപി ക്കും സഖ്യ കക്ഷി ജെ ജെ പി ക്കുമെതിരെ ശക്തമായി രംഗത്ത് വന്നതും ഹരിയാനയിൽ തിരിച്ചടിക്ക് ഇട വരുത്തി. കഴിഞ്ഞ തവണ 11 ഇടങ്ങളിൽ വിജയക്കൊടി പാറിച്ച ജാർഖണ്ഡിൽ ഇക്കുറി നേടിയത് 8 സീറ്റുകൾ ആണ്.
303 സീറ്റിൽ നിന്ന് 240 ലേക്ക് കൂപ്പു കുത്തിയ ബിജെപിക്ക് സർക്കാർ രൂപകരണത്തിന് 16 സീറ്റുകളുള്ള ടിഡിപിയുടെയും 12 സീറ്റുള്ള ജെഡിയുവിന്റെയും മറ്റു ചെറു കക്ഷികളുടെയും പിന്തുണ നിലവിൽ അനിവാര്യമാണ്. കേവല ഭൂരിപക്ഷമായ 272 എന്ന മാജിക് നമ്പർ കടക്കാൻ 32 സീറ്റുകളുടെ കുറവാണുള്ളത്. ജെ ഡി യു വിനെ മഹാ സഖ്യത്തിൽ നിന്ന് രാഷ്ട്രീയ കുതന്ത്രത്തിലൂടെ എൻ ഡി എ യുടെ ഭാഗമാക്കിയത് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ്. ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറി ജെ ഡി യു എൻ ഡി എ പാളയത്തിൽ അഭയം പ്രാപിച്ചതിന്റെ രാഷ്ട്രീയ കാരണം ഇന്നും അജ്ഞാതമായിത്തന്നെ നില കൊള്ളുന്നു.
2018 വരെ എൻ ഡി എ സഖ്യ കക്ഷിയായിരുന്ന ടി ഡി പി ആന്ധ്രക്ക് പ്രത്യേക പദവിയെന്ന മോദി സർക്കാറിന്റെ വാഗ്ദാന ലംഘനത്തെ തുടർന്നാണ് ബന്ധം മുറിച്ചത്. മുന്നണി മാറ്റത്തിന് പിന്നാലെ മോദി സർക്കാറിന്നെതിരെ ലോക സഭയിൽ അവിശ്വാസ പ്രമേയം കൊണ്ട് വരാനും ടി ഡി പി തയ്യാറായി. ഇപ്പോൾ തന്നെ കിട്ടിയ അവസരം മുതലെടുത്ത് കൊണ്ട് ടി ഡി പി യും ജെ ഡി യു വും നിർണ്ണായക സ്ഥാനങ്ങൾക്കായുള്ള വിലപേശൽ തുടങ്ങിക്കഴിഞ്ഞു. മൂന്ന് ക്യാബിനറ്റ് പദവിയും സ്പീക്കർ സ്ഥാനവും ടി ഡി പി ആവശ്യപ്പെട്ടിട്ടുണ്ട്. ജെ ഡി യുവിന്റെ ആവശ്യവും മൂന്ന് ക്യാബിനറ്റ് മന്ത്രിമാരാണ്. അഗ്നി വീർ പദ്ധതി പിൻവലിക്കണമെന്നും ജാതി സെൻസസ് നടപ്പാക്കണമെന്നുമുള്ള പാർട്ടികളുടെ ആവശ്യത്തോടുള്ള ബിജെപി പ്രതികരണവും ഏവരും ഉറ്റു നോക്കുന്നുണ്ട്!
പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവിൽ ഓഹരി വിപണിയിൽ തിരിമറി നടത്താൻ എക്‌സിറ്റ് പോളുകൾ ഉപയോഗിച്ചുവെന്നും ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന്ന് വേണ്ടിയായിരുന്നു വ്യാജ എക്‌സിറ്റ് പോൾ സർവേകൾ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യിച്ചതെന്നുമുള്ള രാഹുൽ ഗാന്ധിയുടെ ആരോപണം ‘മോദിയെ വിരട്ടി ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നിരയിലേക്കുള്ള മാസ്സ് എൻഡ്രി’എന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകർ ദർശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയം ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടന്നു, മെയ് 31ന് വൻ നിക്ഷേപം നടക്കുകയും ജൂൺ നാലിന് വിപണി തകർന്നപ്പോൾ വൻ നഷ്ടമുണ്ടാവുകയും ചെയ്തു, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരികൾ വാങ്ങാൻ ആവശ്യപ്പെട്ടു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി സംയുക്ത പാർലമെന്ററി സമിതി ഈ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മോദിക്കെതിരായ അഴിമതി ആരോപണത്തിലൂടെ ധാർമികത ഉയർത്തി ക്കാട്ടി നിതീഷ് കുമാറിനെയും ചന്ദ്ര ബാബു നായിഡുവിനെയും എൻ ഡി എ യിൽ നിന്ന് പുറത്തു ചാടിക്കാനുള്ള ‘ഇന്ത്യ’ സഖ്യത്തിന്റെ രാഷ്ട്രീയ നീക്കമായിത്തന്നെയാണ് രാഹുലിന്റെ നീക്കങ്ങളെ വിലയിരുത്തപ്പെടുന്നത്. കളങ്കിതനായ പ്രധാന മന്ത്രിയെന്ന പൊതു ബോധം പ്രാഥമികമായിത്തന്നെ സൃഷ്ടിച്ചെടുക്കുന്നതിലൂടെ നിതീഷിനും ചന്ദ്ര ബാബുവിനും കൊത്താനുള്ള ചൂണ്ട ഒരുക്കുക യാണ് ‘ഇന്ത്യ’ സഖ്യം. ഇന്ത്യൻ രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുകൾ നൽകി അമ്പരപ്പിച്ച ചരിത്രമുള്ള നിതീഷ് കുമാറും ചന്ദ്ര ബാബുവും ‘ഇന്ത്യ’യുടെ ചൂണ്ടയിൽ കൊത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഇപ്പോൾ ഉറ്റു നോക്കുന്നത്!