Friday, November 22, 2024
spot_imgspot_img
HomeLatest Newsലൈംഗിക വിദ്യാഭ്യാസം അശ്ലീലമല്ല: പെണ്ണുടലിന്റെ അർത്ഥം സെക്സ് മാത്രമല്ല

ലൈംഗിക വിദ്യാഭ്യാസം അശ്ലീലമല്ല: പെണ്ണുടലിന്റെ അർത്ഥം സെക്സ് മാത്രമല്ല

സംഗീത ഷംനാദ്

ഒരു പിഞ്ചു കുഞ്ഞിന്റെ അതിദാരുണമായ കൊലപാതകത്തിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല നാം ഓരോരുത്തര്‍ക്കും , പിഞ്ചു കുഞ്ഞുങ്ങളെ പോലും അതിക്രൂര ബലാല്‍സംഗത്തിന് ഇരയാക്കപ്പെടുന്ന സംഭവങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ചെറുതല്ല .

പെണ്ണുടല്‍ എന്ന് വിളിക്കുവാന്‍ പോലും കഴിയാത്ത പിഞ്ചു ശരീരങ്ങളില്‍ പോലും കാമവെറി തീര്‍ക്കുന്ന തികച്ചും അപരിഷ്‌കൃതരായ മനുഷ്യര്‍ അദൃശ്യരായി നമ്മുടെ ചുറ്റുപാടിലും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം എത്ര ഭീതിജനകമായ ഒരു അവസ്ഥയാണ് . സോഷ്യല്‍ മീഡിയ #ടാഗുകള്‍ കൊണ്ടോ അതി വൈകാരിക പ്രകടനങ്ങള്‍ കൊണ്ടോ ഇത്തരം ദാരുണമായ സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട് .

1867 പോക്സോ കേസുകളാണ് 2023ല്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, പ്രകൃതിവിരുദ്ധ പീഡനം , ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കല്‍ , ലൈംഗികതയുടെ ഉള്ള സംസാരം / ആംഗ്യം / നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കക്കല്‍ തുടങ്ങിയുള്ള കുറ്റകൃത്യങ്ങളാണ് പോക്സോ ആക്ടിന് കീഴില്‍ വരുന്നത് . കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമസംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും അതുകൊണ്ട് മാത്രം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ഇല്ലാതാക്കുവാന്‍ കഴിയുന്നില്ല എന്ന ബോധ്യം നമുക്കുണ്ടാവേണ്ടതുണ്ട് . കുട്ടികള്‍ എന്നത് മാതാപിതാക്കളുടെയോ കുടുംബത്തിന്റെയോ മാത്രം ചുമതല അല്ല . അവര്‍ സ്റ്റേറ്റിന്റെ സ്വത്താണ് .

നിയമപരമായ ശിക്ഷ കാലതാമസം കൂടാതെ നടപ്പിലാക്കുക / നിയമ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് ഒരു ക്രൈമിനെ തടയാന്‍ മാത്രം പര്യാപ്തമാവില്ല . ഓരോ പ്രായത്തിലും ഉള്ള കുഞ്ഞുങ്ങള്‍ക്ക് പ്രായത്തിന് അധിഷ്ഠിതമായ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട് . എന്നാല്‍ ലൈംഗിക വിദ്യാഭ്യാസത്തെ വളരെ അപക്വമായി മനസ്സിലാക്കുന്ന നല്ലൊരു വിഭാഗം നമുക്കിടയിലുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ് . സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്‍ജിഒ കള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ , എന്നിങ്ങനെയുള്ള സ്ഥലങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ശാസ്ത്രീയമായി നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസത്തിന് സമൂഹത്തില്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന മാറ്റം വളരെ വലുതായിരിക്കും .

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ / ലൈംഗിക ശുചിത്വം / ജെന്‍ഡര്‍ വ്യതിയാനങ്ങള്‍ /ലൈംഗിക സംയമനം / ലൈംഗിക കുറ്റകൃത്യങ്ങളും നിയമവും ഏറ്റവും ഉപരി കണ്‍സന്റ് അഥവാ ഉഭയസമ്മതം . ഇവയെല്ലാം ശാസ്ത്രീയമായി പഠിപ്പിക്കുന്നത് മൂലം എച്ച്ഐവി , മറ്റ് അണുബാധകള്‍ അതിക്രമങ്ങള്‍ എന്നിവ കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളവയാണ് .

ലൈംഗികതയെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകള്‍ , അബദ്ധധാരണകള്‍ ഇവയെല്ലാം ദിനംപ്രതി എത്ര ഇരകളെയാണ് സൃഷ്ടിക്കുന്നത് . കോടിക്കണക്കിന് മനുഷ്യരുള്ള നമ്മുടെ രാജ്യത്ത് വലിയൊരു വിഭാഗം ശാസ്ത്രീയമായി ബോധവല്‍ക്കരിക്കപ്പെടാത്തവരാണ് . ലൈംഗിക ആരോഗ്യ വിദ്യാഭ്യാസത്തെ പാപമാണെന്നോ / അശ്ലീലമാണെന്ന് കരുതുന്ന മതമൗലിക ബോധവും ഇതിന്റെ കാരണമാണ് .

ലൈംഗികത എന്നാല്‍ ആണിനെ തൃപ്തിപ്പെടുത്തുക ആണെന്ന ആണധികാര ബോധ്യങ്ങളില്‍ നിന്നും കണ്‍സെന്റ് അഥവാ ഉഭയസമ്മതം എന്ന തലത്തിലേക്ക് എത്തുന്നത് വളരെ ശ്രമകരമാണ് . എന്നാല്‍ അത് സ്ത്രീ ശരീരത്തിനോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റുകയും ഇത്തരം മനോഭാവതില്‍ വരുന്ന മാറ്റം പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ സമൂഹത്തെ സൃഷ്ടിക്കാന്‍ ഉതകുന്നവ ആയിരിക്കും .

വിവരസാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ ശരിയും തെറ്റും ഏത് എന്ന് തിരിച്ചറിയുവാന്‍ ആക്കാതെ നില്‍ക്കുന്നവരാണ് കുട്ടികള്‍ . അതുകൊണ്ടുതന്നെ ഏറ്റവും ശാസ്ത്രീയവും ശരിയായതുമായ വിവരങ്ങള്‍ വിദഗ്ധരില്‍ നിന്ന് അവരില്‍ എത്തിക്കേണ്ടത് വിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെയാവണം . കാരണം ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ബോധവല്‍ക്കരണം കൊണ്ട് മാത്രം ഇത്തരത്തില്‍ സമൂഹത്തെ മാറ്റിയെടുക്കുവാന്‍ നമുക്ക് സാധിക്കില്ല . ഓരോ പ്രായത്തിനും ആവശ്യമായ തരത്തില്‍ സിലബസുകള്‍ ക്രമീകരിച്ചുകൊണ്ട് നിരന്തരമായ ഒരു പ്രക്രിയയായി ലൈംഗിക ആരോഗ്യം വിദ്യാഭ്യാസം ചെയ്യേണ്ടതുണ്ട് . മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു വ്യക്തി സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇവയൊക്കെ പ്രായോഗികമായി അഡ്രസ്സ് ചെയ്യുവാന്‍ ഇത്തരം വിദ്യാഭ്യാസത്തിന് കഴിയും .

ശൈശവ വിവാഹം ശരിയാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു , കേവലം 11 വയസ്സ് മാത്രം പ്രായമുള്ള ഫൂല്‍മണി ദാസ് നിര്‍ബന്ധിത ലൈംഗികബന്ധത്തില്‍ അരക്കെട്ട് തകര്‍ന്ന മരിച്ചത് ഇന്ന് നമ്മള്‍ ‘ മാരീറ്റല്‍ റേപ്പ് ‘ എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നത് എത്രയോ സാമൂഹികമായ ബോധവല്‍ക്കരണങ്ങളിലും ചര്‍ച്ചകളിലും വിദ്യാഭ്യാസത്തിലും ഒക്കെ കടന്നുവന്ന് പാകപ്പെട്ടതിന് ശേഷം ആണ് .

സംസ്‌കാരം എന്നത് ഒരു സ്ത്രീയോട് അവളുടെ ചുറ്റുപാടുകള്‍ എങ്ങനെ പെരുമാറുന്നു എന്നതിനേ ആശ്രയിച്ചിരിക്കും . സമൂഹത്തിന്റെ ആകെ ജാഗ്രതയും ബോധപൂര്‍വ്വമായ ഇടപെടലുകളും ഇല്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു മെതിരെയുള്ള അതിക്രമങ്ങള്‍ക്ക് മാറ്റം കൊണ്ടുവരുവാന്‍ കഴിയില്ല .

നാല്‍പതുലക്ഷത്തിലധികം AIDS രോഗികളുള്ള നാടാണ് ഇന്ത്യ , ജനസംഖ്യയുടെ 19 കോടി കൗമാരപ്രായക്കാര്‍ ആണെങ്കില്‍ അതില്‍ 30% നിരക്ഷരരാണ് , പോക്സോ കേസുകള്‍ , ലൈംഗിക അതിക്രമങ്ങള്‍ , ഗ്യാങ്ങ് റേപ്പുകള്‍ മാരീറ്റല്‍ റേപ്പുകള്‍ എന്നിവയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ് .

ഒരു ക്രൈം സംഭവിച്ചു കഴിഞ്ഞുള്ള ശിക്ഷ നടപടികള്‍ കൊണ്ട് മാറ്റിയെടുക്കാന്‍ കഴിയില്ല , ശിക്ഷയുടെ കാഠിന്യം കൂട്ടുന്നതും ഇതിനുള്ള പോംവഴി അല്ല , ലൈംഗികതയെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകള്‍ അബദ്ധധാരണകള്‍ ഇവിടെ എല്ലാം ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുഞ്ഞുങ്ങളും ആണ് . റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനേക്കാല്‍ എത്രയോ മടങ്ങ് അധികമാണവ . ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസം ചെറിയ പ്രായം മുതല്‍ കൗമാരം വരെയെങ്കിലും നല്‍കുന്നത് , അപരിഷ്‌കൃതനും ക്രൂരനുമായ മനുഷ്യനില്‍ നിന്ന് പെണ്‍ ശരീരത്തോട്ള്ള മനോഭാവം മാറുന്നതിന് ഉതകുന്നത് ആയിരിക്കും .

ലൈംഗിക കാതിക്രമങ്ങളെ ചെറുക്കുന്നതിനായി ശാസ്ത്രീയമായി വിദ്യാഭ്യാസ വല്‍ക്കരിക്കുക എന്ന ഏറ്റവും പ്രായോഗികമായ സാധ്യതകളെ സംയോജിതമായി ഉപയോഗപ്പെടുത്തുക . ഒരാളിന്റെ ശരീരത്തിന്റെ അതിരുകളിലേക്ക് കടന്നുകയറാതിരിക്കുവാനുള്ള ഏറ്റവും മാനവികമായ മെച്ചപ്പെടല്‍ നമുക്ക് സാധ്യമാക്കുക എന്നത് ഉടലിനോട് നീതി കാണിക്കപ്പെടാതെ പോയ ഒരുപാട് സ്ത്രീകളോടും കുഞ്ഞുങ്ങളോടും ചെയ്യുന്ന പ്രായശ്ചിത്തം കൂടിയാണ് !

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares