തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കഴിഞ്ഞവർഷം മലയാളസിനിമയ്ക്ക് നൽക്കിയ അതുല്യ സംഭാവനകൾ പരിഗണിച്ച് ജെ.സി ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാന അദ്ദേഹത്തെ ആദരിച്ചിരുന്നു. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തർദേശീയ ശ്രദ്ധനേടിയ സിനിമകൾ സംവിധാനം ചെയ്തു. മികച്ച സംവിധായകൻ, ഛായാഗ്രഹകൻ അടക്കം സംസ്ഥാന സർക്കാരിന്റെ വിവിധ പുരസ്കാരങ്ങൾക്ക് അർഹനായ അദ്ദേഹം നിരവധി ദേശീയ, അന്തർദേശീയ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായി 1952 ജനുവരി ഒന്നിനാണ് ജനനം. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
70ലേറെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ. കരുൺ.
ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനാണ് അദ്ദേഹം. കേരള രാജ്യാന്തര ചലച്ചിത്രമേളയെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിൽ പ്രധാന ഇടപെടൽ നടത്തിയതും ഷാജി എൻ കരുൺ തന്നെയാണ്.