തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. അമ്മ സിന്ധുവിനെ വെറുതെവിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ച് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജി എ എം ബഷീർ മുമ്പാകെ മൂന്നുദിവസം നടന്ന വാദപ്രതിവാദങ്ങൾക്കു ശേഷമാണ് കേസ് ഇന്ന് വിധിപറയാൻ മാറ്റിയത്. ഒന്നാംപ്രതി ഗ്രീഷ്‌മയ്ക്കെതിരെയുള്ള കൊലപാതകക്കുറ്റവും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവൻ നിർമലകുമാരൻ നായർക്കുമെതിരെ തെളിവുനശിപ്പിച്ച കുറ്റങ്ങളും തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ വാദിച്ചിരുന്നു.
ഗ്രീഷ്മ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിലെത്തിച്ച് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവത്തിന് 11 ദിവസത്തിനുശേഷം മെഡിക്കൽ കോളേജ് ഐസിയുവിൽവച്ചാണ് ഷാരോൺ രാജ് മരിച്ചത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായുള്ള വിവാഹം നടക്കുന്നതിനായി ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. ഷാരോൺ പ്രണയ ബന്ധത്തിൽനിന്നു പിന്മാറാത്തതാണു കൊലപാതകത്തിലേക്ക് നയിച്ചത്.
ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായും എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ മരണമൊഴി നൽകുന്നതിനിടെ ഷാരോൺ പറഞ്ഞിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് നിർണായകമായത്. ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസ്ത്രീയ തെളിവുകളും നിർണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചു.
2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. തിരുവനന്തപുരം റൂറൽ എസ്‌പിയായിരുന്ന ശിൽപയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. എസ്‌പി എം കെ സുൽഫിക്കർ, ഡിവൈഎസ്‌പിമാരായ കെ ജെ ജോൺസൺ, വി ടി റാസിത്ത്, പാറശാല ഇൻസ്പെക്ടർ സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. വി എസ് വിനീത് കുമാറിനെ കൂടാതെ അൽഫാസ് മഠത്തിൽ, വി എസ് നവനീത് കുമാർ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.