കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. എൻഡിപിഎസ് ആക്ടിലെ വകുപ്പ് 27, 29 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷൻ 29 വ്യവസ്ഥ ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ രാസ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ ഇന്ന് രാവിലെയാണ് എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. അച്ഛൻ ചാക്കോ, അഭിഭാഷകൻ എന്നിവരോടൊപ്പമാണ് ഷെെൻ സ്റ്റേറ്റേഷനിലെത്തിയത്. വെള്ളിയാഴ്‌ച വൈകുന്നേരം ഹാജരാകണമെന്നാവശ്യപ്പെട്ട് ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. നടന്റെ തൃശൂരിലെ വീട്ടിലെത്തിയാണ് നോർത്ത് പൊലീസ് സ്‌റ്റേഷൻ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം നോട്ടീസ് നൽകിയത്.
ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി. എന്നാല്‍ മുറിയില്‍ തട്ടിയത് പൊലീസാണെന്ന് മനസിലാക്കാതെയാണ് ഓടിയത് എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ വിശദീകരിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താന്‍ വന്നവരാണെന്നും കരുതി താന്‍ പേടിച്ച് ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.