ഇന്ത്യൻ മതേതരത്വത്തിന്റെ മകുടോദാഹരണമായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 32 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. രാജ്യത്തെ വർഗീയ ധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളിവിട്ട അശുഭകരമായ വിധ്വംസകപ്രവർത്തനമായിരുന്നു ഡിസംബർ 6-ന് അയോധ്യയിൽ സംഭവിച്ചത്. കോടതി വിധിയെ തുടർന്നുണ്ടായ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വിഭജന രാഷ്ട്രീയം അപകടകരമാം വിധം രാജ്യത്ത് സംഘ പരിവാർ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ബാബരി ദിനം കടന്ന് വരുന്നത്. ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണം സംഭൽ ഷാഹി ജുമാ മസ്ജിദിലും വാരണാസി ഗ്യാൻ വാപി മസ്ജിദിലും മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദിലും അജ്മീർ ദർഗയിൽ വരെ വർഗ്ഗീയപ്രകോപനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
തീവ്ര മത വികാരം ഇളക്കിവിട്ടുകൊണ്ട് നൂറ്റാണ്ടുകളായി വിവിധ മതവിശ്വാസികൾക്കിടയിൽ നിലനിന്ന സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും വിള്ളലുകൾ ഉണ്ടാക്കി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള കുടില ശ്രമങ്ങളാണ് നിലവിൽ സംഘ പരിവാറിന്റേത്. അതുകൊണ്ട് തന്നെ ഡിസംബർ 6 സംഘ പരിവാർ ഫാസിസത്തതിന്നെതിരെയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, മലയാളത്തിലെ പല മുഖ്യധാരാ മാധ്യമങ്ങളും ബാബരി മസ്ജിദിനെ മറന്നിരിക്കുന്നതായാണ് കാണുന്നത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോ ആരാധനാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്നെതിരായുള്ള വാർത്തകളോ എവിടെയും കാണാനില്ല.
പ്രമുഖ പത്രങ്ങൾ വിഷയം അറിഞ്ഞ മട്ടേയില്ല. ദേശാഭിമാനി, സിറാജ്, മാധ്യമം, ചന്ദ്രിക, സുപ്രഭാതം തുടങ്ങിയവയിലാണ് ബാബരി ഇടം പിടിച്ചത്. മനോരമയും മാതൃഭൂമിയും ബാബരി മസ്ജിദിനെ പൂർണമായി തിരസ്കരിച്ചു. ബാബരി മസ്ജിദ് വിഷയത്തിൽ കോൺഗ്രസിന്റെ ന്യൂനപക്ഷ വഞ്ചനക്കെതിരെ ഒരക്ഷരം ഉരിയാടാറില്ലെങ്കിലും ‘ബാബരി, സത്യവും മിഥ്യയും’ എന്ന ലേഖനം ഇന്ന് ചന്ദ്രിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എം വി നികേഷ്കുമാർ എഴുതിയ ലേഖനം ദേശാഭിമാനിയിൽ കൊടുത്തപ്പോൾ മതനിരപേക്ഷമൂല്യം ഉയർത്തിപ്പിടിക്കുന്ന പ്രമുഖ ഒരു ഇടത് സംഘടനയുടെ മുഖപത്രം ബാബരിയെ പൂർണമായി മറന്നുകളഞ്ഞു. അതൊരു രാഷ്ട്രീയ നീതികേടാണ്. ഒരു ജനതയോടും ചെയ്യുന്ന ഏറ്റവും വലിയ നീതികേട്. എന്തുതന്നെയായാലും, ബാബരിയെ മറക്കാത്ത, ബാബരിയെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം ജനത ഇപ്പോഴും ഇന്നാട്ടിലുണ്ട്. അവരുടെ പോരാട്ടം തുടരുകതന്നെ ചെയ്യും.