ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രിം കോടതി. കേസുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കാപ്പനു വേണ്ടി കപിൽ സിബിലാണ് കോടതിയിൽ വാദിച്ചത്. തെളിവുകളൊന്നുമില്ലാതെയാണ് കാപ്പനുമേൽ യുപി സർക്കാർ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്.
കുറ്റകൃത്യത്തില്‍ തന്റെ കക്ഷിക്ക് പങ്കില്ലെന്നും സഹയാത്രികര്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ജാമ്യ ഹര്‍ജിയെ യുപി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുപിയിലെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.
പത്രപ്രവര്‍ത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹര്‍ജിയില്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.