രാജ്യത്തെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സന്ധിയില്ല പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവാണ് സീതാറാം യെച്ചൂരി. ഇന്ദിര ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ മുതൽ കശ്മീരിന്റെ പ്രത്യേകവകാശം റദ്ദ് ചെയ്ത മോദിക്കാലം വരെ പോരാട്ടങ്ങളുമായി യെച്ചൂരി മുന്നിലുണ്ടായിരുന്നു. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ അക്ഷീണം പരിശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരി.
രാജ്യത്ത് മനുഷ്യാവകാശവും ജനാധിപത്യവും ഭീഷണിയിലാവുന്ന ഓരോ നിമിഷവും സമര മുഖങ്ങളിൽ സീതാറാമുണ്ട്. കലാലയകാലത്ത് അടിയന്തരാവസ്ഥക്കെതിരെ പോരാടിയായിരുന്നു തുടക്കം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ ജെ.എൻ.യു ചാൻസലർ പദവിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ദിരാ ഗാന്ധിക്ക് മുന്നിൽ പ്രതിഷേധം അറിയിച്ചു.
പ്രത്യേകവകാശം ഇല്ലാതാക്കി കശ്മീരിനെ ബന്ദിയാക്കിയ നരേന്ദ്ര മോദി സർക്കാരും സീതാറാം യെച്ചൂരിയുടെ പോരാട്ട വീര്യം അറിഞ്ഞു. പൗരത്വ ഭേദഗതി സമരകാലത്തും കൊവിഡ് പ്രതിരോധത്തിലെ ബിജെപി സർക്കാർ വീഴ്ചക്കെതിരേയും ശക്തമായ നിലപാടുമായി യെച്ചൂരി സമരമുന്നണിയിൽ ഉണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിൽ എന്നൊക്കെ ഇടപെടാൻ ശ്രമിച്ചോ അന്നെല്ലാം പ്രതിരോധത്തിന് മുന്നിൽ സീതാറാം യെച്ചൂരിയുണ്ടായിരുന്നു.
അനീതിക്കെതിരെ അചഞ്ചലമായി മനുഷ്യപക്ഷത്ത് നിലകൊണ്ട കരുത്തനായ ഒരു പോരാളിയെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ മതേതര-ജനാധിപത്യ രാഷ്ട്രത്തിന് നഷ്ടമാവുന്നത് .പ്രത്യയശാസ്ത്ര ദൃഢതകൊണ്ട് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയേകിയ ഒരു പോരാളിയെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്.