അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന അജോയ് ഘോഷിന്റെ 62-ാം ചരമവാർഷികദിനമാണ് ഇന്ന്. 1962 ജനുവരി 13-നാണ് അജോയ് ഘോഷ് അന്തരിച്ചത്.
1909 ഫെബ്രുവരി 20ന് കാൺപൂരിലെ മിഹിജം എന്ന ചെറുപട്ടണത്തിലാണ് അജോയ് ഘോഷിന്റെ ജനനം. കാൺപൂരിൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കേ, കഷ്ടിച്ച് 14 വയസുളളപ്പോൾ ഭഗത് സിംഗിനെ കണ്ടുമുട്ടി. അദ്ദേഹം ഭഗത് സിംഗിന്റെ ഉറ്റസുഹൃത്തായി. ഭഗത് സിംഗിന്റെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനാകുകയും അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങുകയും ചെയ്തു. അജോയ് ഘോഷ് ഏറ്റെടുത്ത ആദ്യ കൃത്യം കായികപരിശീലനത്തിന് ഒരു ജിംനേഷ്യം സംഘടിപ്പിക്കുകയായിരുന്നു. കുട്ടികളിലും യുവാക്കളിലും വിപ്ലവബോധം ജനിപ്പിക്കുന്നതിനും ജ്വലിപ്പിക്കുന്നതിനുമുളള കളരി കൂടിയായിത്തീർന്നു ക്രമേണ ആ ജിംനേഷ്യം.
1926 ജനുവരിയിൽ അലഹബാദ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. താമസം ഹിന്ദു ഹോസ്റ്റലിൽ. ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ സങ്കേതമായിത്തീർന്നു ആ ഹോസ്റ്റൽ.
തൊഴിലാളിവർഗ്ഗ വിരുദ്ധമായ തൊഴിൽ തർക്ക ബിൽ പാസാക്കപ്പെട്ട ഉടൻ ഭഗത് സിംഗും സി കെ ദത്തും സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞു. അതിനെത്തുടർന്ന് 1929 ഏപ്രിൽ ആദ്യവാരം വ്യാപകമായ അറസ്റ്റ് നടന്നു. നേരത്തെതന്നെ പൊലീസിന്റെ നോട്ടപ്പുളളിയായി മാറിയ അജോയ് ഘോഷും അറസ്റ്റിലായി. ലാഹോർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചത്. ജയിലിൽ സഹതടവുകാരോടൊപ്പം 63 ദിവസം നീണ്ടുനിന്ന നിരാഹാരസമരം നടത്തി. 1930ൽ ജയിൽ വിമോചിതനായി.
1931ൽ കെട്ടിച്ചമച്ച ചില കുറ്റങ്ങളുടെ പേരിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഒന്നരവർഷം ജയിലിൽ കിടക്കേണ്ടിവന്നു. ആ ഒന്നരവർഷവും വായിച്ചാണ് അദ്ദേഹം സമയം തളളിനീക്കിയത്. സർദേശായിയുമായുളള സൗഹൃദം അജയ്ഘോഷിന് ആശയവ്യക്തത ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ അജോയ് ഘോഷ് കമ്മ്യൂണിസ്റ്റായി. 1933-ൽ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലാണ് ജയിലിൽ നിന്നു പുറത്തുവന്നത്.
1948-ൽ കൊൽക്കത്തയിൽ ചേർന്ന സിപിഐയുടെ രണ്ടാം കോൺഗ്രസ് അജോയ് ഘോഷിനെ കേന്ദ്രകമ്മിറ്റിയിലേയ്ക്കും പോളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുത്തു. പാർട്ടി കോൺഗ്രസിനെത്തുടർന്ന് പല പ്രവിശ്യകളിലും പാർട്ടി നിയമവിരുദ്ധമായി. താമസിയാതെ അജയ്ഘോഷ് അറസ്റ്റിലുമായി. 1951 ഒക്ടോബറിലാണ് അജോയ് ഘോഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയാവുന്നത്. മരണംവരെ ആ സ്ഥാനത്ത് തുടർന്നു. അജോയ് ഘോഷ് ഊന്നൽ നൽകിയത് കർഷകരെ സംഘടിപ്പിക്കാനാണ്. കർഷകർ തൊഴിലാളിവർഗത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ‘കർഷകരിലേയ്ക്ക് മുഖം തിരിക്കുക’ എന്ന മുദ്രാവാക്യം അജോയ് ഘോഷ് പാർട്ടി പ്രവർത്തകർക്ക് നൽകി.
1958 ലെ പ്രത്യേക പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട സംഘടനാരേഖ പ്രധാനപ്പെട്ടതാണ്. സംഘടനാരംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പുതിയ ദിശാമുഖം നൽകാൻ ഈ രേഖ സഹായകമായി. മാർക്ക്സിസം ലെനിനിസത്തോട് ഉദാത്തമായ കൂറ് പുലർത്താതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും ഒരു വിധത്തിലുളള അവസരവാദത്തോടും വിട്ടുവീഴ്ച പാടില്ലെന്നും അജോയ് ഘോഷ് നിഷ്കർഷിച്ചു.നമ്മുടെ രാജ്യം അതീവഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ അജോയ് ഘോഷിന്റെ ചിന്തകൾ പ്രസക്തമാണ്. നമ്മുടെ വരും കാലഘട്ടപോരാട്ടങ്ങൾക്ക് അജോയ് ഘോഷിന്റെ സ്മരണ കരുത്തുപകരും.