ശശി തരൂരും കോൺഗ്രസും എന്നും രണ്ട് വഴിക്കാണ് യാത്ര. കോൺഗ്രസ് രാഷ്ട്രീയം മനസിലാകാത്ത, ഒരു കോൺഗ്രസുകാരൻ. തരൂരിന്റ അഭിപ്രായ പ്രകടനങ്ങൾ എന്നും കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കേരളത്തിൽ ചുറ്റിക്കറങ്ങിയ തരൂർ, പിന്നീട് പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തിൽ കണ്ണുവച്ചു. ജനാധിപത്യ ബോധ്യമുണ്ടെന്നൊക്കെ പറയുന്ന ഗ്രാന്റ് ഓൾഡ് പാർട്ടി തരൂരിനെ തോൽപ്പിച്ച് വീണ്ടും കേരളത്തിലേക്ക് പറഞ്ഞുവിട്ടു. കൃത്യമായ ഇടവേളകളിൽ കോൺഗ്രസിനുള്ളിൽ ഒരു ബോംബ് പൊട്ടിക്കുന്നത് തരൂരിയൻ സ്റ്റൈലായി വ്യാഖ്യാനിക്കപ്പെട്ടു.
2009 ൽ തിരുവനന്തപുരത്ത് അദ്ദേഹത്തിന് സീറ്റ് ലഭിക്കാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു കോൺഗ്രസ് നേതൃത്വം.അതിന്റെ ഭാഗമായി ശശി തരൂരിനെതിരെ വ്യാപകമായ പ്രചാരണങ്ങൾ അഴിച്ചു വിടുകയും അദ്ദേഹത്തിന്റെ കോലം കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനെയും മറി കടന്ന് അദ്ദേഹം സ്ഥാനാർഥിയാവുകയും വിജയിക്കുകയും ചെയ്തു. തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നു വരാതിരിക്കാനുള്ള ജാഗ്രത എന്നും കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് വൈരം മറന്ന് കൊണ്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം തരൂരിനെതിരെ നിലകൊണ്ടത് ഓർക്കുന്നുണ്ടാകും.

സംസ്ഥാനത്തിന്റ വികസനത്തിലും വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിലുമുള്ള അനുകൂല സാഹചര്യത്തെ പ്രകീർത്തിച്ചുകൊണ്ടും പ്രതിപക്ഷത്തിന്റെ പതിവ് വാദങ്ങളെ തള്ളിക്കൊണ്ടും തരൂർ എഴുതിയ ലേഖനമാണ് ഏറ്റവും ഒടുവിൽ കോൺഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയാതീതമായി പ്രവർത്തിക്കണമെന്നും
വികസനത്തിന്റെ കാര്യത്തില്‍ പിന്നിലായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്ക് എത്തിയത് അംഗീകരിക്കണമെന്നും ഈ കാലയളവില്‍ ഉണ്ടായ മാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നുമാണ് തരൂർ തന്റെ ലേഖനത്തിൽ തുറന്നടിക്കുന്നത്.
ആഗോള തലത്തിൽ നിന്നും അഞ്ച് ഇരട്ടി വളർച്ച നേടാൻ കേരളത്തിന് സാധിച്ചു എന്ന് സമർത്ഥിക്കുന്ന ലേഖനത്തിൽ ഇവിടുത്തെ വ്യാവസായിക വളർച്ച ലോകത്തിനു മുന്നിൽ കൃത്യമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമവുംതരൂർ നടത്തുന്നുണ്ട്.
എന്നാൽ കേരളത്തിലെ വളർച്ചയുടെ വസ്തുത തുറന്നു കാണിക്കുന്ന ലേഖനത്തെ തള്ളിപ്പറഞ്ഞും ഹൈക്കമാൻഡിന് പരാതി നൽകിയും ശശി തരൂർ എംപിയെ ഒറ്റപ്പെടുത്താൻ ശ്രമിച്ച് കോൺഗ്രസ് നേതൃത്വം ഒന്നടങ്കം പരിഹാസ്യരാകുന്ന കാഴ്ചയാണ് നിലവിൽ കണ്ടു കൊണ്ടിരിക്കുന്നത്.

ഇടത് പക്ഷത്തോടുള്ള അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ മറവിൽ കേന്ദ്ര അവഗണനയോട് പോലും പ്രതികരിക്കാതിരിക്കുകയും കേരളത്തെ ഒറ്റു കൊടുക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നവർ ശശി തരൂരിന്റെ ലേഖനത്തെ നിരന്തരം കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ്. ശശി തരൂരിന്റെ ലേഖനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമെന്നും സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുമെന്നും നേതാക്കൾ അടക്കം പറയുന്നുണ്ട്. അതേ സമയം തരൂരുമായി പരസ്യമായ ഏറ്റുമുട്ടൽ വേണ്ടെന്നും വിഷയം കൂടുതൽ ചർച്ചക്ക് വരുന്നത് കോൺഗ്രസിനും യു ഡി എഫിനും ഗുണകരമാവില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.
കണ്ണിലെ കരടായ തരൂരിനെ ഇനി കോൺഗ്രസ് നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. കീഴടങ്ങാൻ മനസ്സില്ലാത്ത തരൂരിന്റെ നിലപാടിന് പിന്നിലും ചില രാഷ്ട്രീയ മാനങ്ങൾ കാണേണ്ടതുണ്ട്.
ആശയപരമായി തരൂരുമായി കൊമ്പ് കോർത്താൽ അത് കൂടുതൽ ക്ഷീണം ചെയ്യും എന്ന് കോൺഗ്രസിനറിയാം. അത് കൊണ്ട് തന്നെ തരൂർ വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാവും അവർ ശ്രമിക്കുക. രണ്ടും കല്പിച്ചുള്ള തരൂരിന്റെ ഇടപെടലുകൾ ജാഗ്രതയോടെ തന്നെയാണ് കോൺഗ്രസ് നേതൃത്വം വീക്ഷിക്കുന്നത്. ഏതായാലും അടുത്ത കാലത്തായി ശശി തരൂർ നടത്തുന്ന പ്രതികരണങ്ങളും അദ്ദേഹത്തിന്റെ നിലപാട് മാറ്റങ്ങളും കൃത്യമായ അജണ്ടയോടെ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.