Thursday, November 21, 2024
spot_imgspot_img
HomeKeralaസോണി ബി തെങ്ങമം പുരസ്‌കാരം ആര്‍ നല്ലകണ്ണിന്; കൈമാറി എഐവൈഎഫ്

സോണി ബി തെങ്ങമം പുരസ്‌കാരം ആര്‍ നല്ലകണ്ണിന്; കൈമാറി എഐവൈഎഫ്

പാലക്കാട്: എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയും ലോക യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായിരുന്ന സോണി ബി തെങ്ങമത്തിന്റെ സ്മരണാര്‍ത്ഥം എഐവൈഎഫ് കേരള സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വാതന്ത്ര്യ സമര സേനാനിയും സിപിഐയുടെ മുതിര്‍ന്ന നേതാവുമായ ആര്‍ നല്ലകണ്ണിന് സമ്മാനിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

തമിഴ്‌നാടിന്റെയും തമിഴ് സമൂഹത്തിന്റെയും വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ നിസ്വാര്‍ത്ഥ രാഷ്ട്രീയക്കാരനാണ് ആര്‍ നല്ലക്കണ്ണ്. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാറിന്റെ തഗൈസല്‍ തമിഴര്‍ പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു.

പത്തുലക്ഷം രൂപയും പ്രശംസാപത്രവുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്ലക്കണ്ണിനു സമ്മാനിച്ചത്. എന്നാല്‍ സമ്മാനത്തുകയ്ക്കു പുറമെ തന്റെ കൈയ്യില്‍ നിന്നും അയ്യായിരം രൂപ കൂടിയിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലകണ്ണ് സംഭാവന നല്‍കിയിരുന്നു.

നാല് സഹോദരന്മാരും അഞ്ച് സഹോദരിമാരും അടങ്ങുന്ന വലിയ കുടുംബത്തിൽ മൂന്നാമനായി ശ്രീവൈകുണ്ഡത്തിലെ ഒരു കർഷക കുടുംബത്തിലാണ് 1925 ഡിസംബർ 25-ന് നല്ലകണ്ണ് ജനിച്ചത്. മാതാപിതാക്കൾ രാമസാമി-കറുപ്പായി. മധുര ദ്രവ്യം അമ്മ ശ്രീവൈകുണ്ഡം കരണേശൻ സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പാസായി. ഹിന്ദു കോളജിൽ നിന്ന് ഇന്റർമീഡിയറ്റും നേടി. പിന്നീട്, രണ്ടുവർഷത്തെ ബിഒഎൽ കോഴ്‌സ് തമിഴിൽ പഠിച്ച ശേഷം, കടുത്ത രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് കോഴ്‌സ് പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല.

1939-ൽ സ്‌കൂൾ പഠനകാലത്ത് സ്വതന്ത്ര്യാനുകൂല പ്രചാരണത്തിനായി അദ്ദേഹം പഠിച്ചിരുന്ന സ്‌കൂളിൽ നാടകം അരങ്ങേറി. ഈ പ്രതിഷേധത്തിനു മുൻനിരയിൽ നല്ലക്കണ്ണും ഉണ്ടായിരുന്നു. എന്നാൽ നാടകം അവതരിപ്പിച്ചതിനു വിദ്യാർത്ഥികളെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചു. ഇതായിരുന്നു നല്ലകണ്ണിനെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്.

1940-ൽ യുദ്ധ ഫണ്ട് പിരിവിനെതിരെ ശബ്ദമുയർത്തിയപ്പോൾ ‘വിദ്യാർത്ഥി’ ആയതിനാൽ അറസ്റ്റ് ചെയ്യാതെ മർദ്ദിച്ച് ഓടിച്ചു. 1943-44ൽ ‘കാലിത് ദൊണ്ടർ കഴകം’ എന്ന സംഘടന രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് നല്ലക്കണ്ണിനെയായിരുന്നു. 1944ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. അതിനു ശേഷം ചെന്നൈയിൽ ‘ജനശക്തി’ എന്ന പേരിൽ വാർത്താ ഏജൻസിയിൽ പ്രവർത്തിക്കാൻ തുടങ്ങി. അന്ന് ശ്രീവൈകുണ്ഡം ഭാഗത്ത് രണ്ടായിരം ചാക്ക് നെല്ല് പൂഴ്ത്തിയതായി കണ്ടെത്തി ജനശക്തി മാസികയിൽ എഴുതി. ജില്ലാ കലക്ടർ അത് വായിച്ച് ഉടൻ നടപടി സ്വീകരിക്കുകയും പൂഴ്ത്തിവച്ച നെൽചാക്കുകൾ കണ്ടുകെട്ടുകയും ചെയ്തു.

1948-ൽ പാർട്ടി നിരോധിച്ചപ്പോൾ അദ്ദേഹം ഒളിവിൽ പോയി. 1949 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, കൂട്ടാളികളെയും അവരുടെ ഒളിത്താവളങ്ങളെയും കുറിച്ച് ചോദിച്ചറിയാൻ പൊലീസ് അദ്ദേഹത്തിനു മേൽ ക്രൂരമായി മർദ്ദനമുറകൾ അഴിച്ചുവിട്ടെങ്കിലും സഖാക്കളെ പറ്റി ഒരുവാക്ക് അദ്ദേഹത്തിൽ നിന്ന് പുറത്തുവന്നില്ല. 29-ആം വയസ്സിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം മധുരയിലെ കൊക്രകുളം ജയിലിൽ ഏഴുവർഷത്തെ തടവിന് ശേഷം 1956-ൽ പുറത്തിറങ്ങി. മോചിതനായ ശേഷം പുറത്തിറങ്ങിയ അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി കാമരാജിനെ നേരിൽ കണ്ട് ജയിലിലുള്ള മറ്റ് സഖാക്കളെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചു.

കർഷകരുടെ ഉപജീവനത്തിനായി കദാന നദിയിൽ അണക്കെട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 1966ൽ 11 ദിവസം ഉപവാസം നടത്തി. പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ സമരക്കാർക്കു മുന്നിൽ മുട്ടു മടക്കുകയും അണക്കെട്ട് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. 1967ൽ നൊച്ചിക്കുളത്തെ കൃഷിഭൂമിയിൽ നിന്ന് കർഷകരെ കുടിയൊഴിപ്പിച്ചതിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമരം നടന്നു. സമരത്തിലെ പൊലീസ് നേരിട്ടത് വെടിവെപ്പിലൂടെയാണ്. ഇതിൽ അപലപിച്ച് പന്ത്രണ്ട് ദിവസം അദ്ദേഹം നിരാഹാര സമരം നടത്തി.

2010ൽ താമിരപരണി നദിയിലെ മണൽക്കൊള്ള തടയാൻ അദ്ദേഹം തന്നെ ഹൈക്കോടതി മധുര ബ്രാഞ്ചിൽ ഹാജരായി നിരോധനാജ്ഞ വാങ്ങി. ശ്രീവൈകുണ്ഡം അണക്കെട്ടിലെ മണൽക്കൊള്ളയ്‌ക്കെതിരെ അദ്ദേഹം സജീവമായി പോരാടി. 1969-ൽ കർഷക പ്രതിനിധിയായി കിഴക്കൻ ജർമ്മനിയിലേക്ക് പോയി.

നിരവധി പട്ടിണി സമരങ്ങളും അദ്ദേഹം നയിച്ചു. ചിലത് ഇരുപത് ദിവസം വരെ നീണ്ടുപോയിട്ടുണ്ട്. ബെയ്ജിംഗ് സന്ദർശനവേളയിൽ ചൈനയിലെ വൈസ് പ്രസിഡന്റാക്കി ആ രാജ്യവും അദ്ദേഹത്തെ ആദരിച്ചു. 1999ൽ മാത്രമാണ് അദ്ദേഹം പാർലമെന്ററി ജനാധിപത്യത്തിലേക്ക് ഇറങ്ങിയത്. അത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 43.21 ശതമാനം വോട്ട് നേടിയെങ്കിലും സി പി രാധാകൃഷ്ണനോട് പരാജയപ്പെട്ടു.

മികച്ച എഴുത്തുകാരൻ കൂടിയായ അദ്ദേഹം, ധാരാളം പുസ്തകങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. സാമൂഹ്യവിഷയങ്ങളെക്കുറിച്ചായിരുന്നു ഏറെയും എഴുതിയത്. ഇതിന് പുറമെ രാജ്യത്തെ നദികളുടെ സംരക്ഷണവും ഭൂപരിഷ്‌കരണവും, കമ്യൂണിസ്റ്റ് തത്വങ്ങളും എല്ലാം അദ്ദേഹത്തിന് വിഷയങ്ങളായി. ഏകദേശം 25 വർഷത്തോളം തമിഴ്‌നാട് കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി 13 വർഷം പ്രവർത്തിച്ചു. നിലവിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ദേശീയ കൺട്രോൾ കമ്മിറ്റി ചെയർമാനുമാണ്. അദ്ദേഹത്തിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് പാർട്ടി ഒരു കോടി രൂപ സമാഹരിച്ചിരുന്നു. അദ്ദേഹം അത് പാർട്ടിക്ക് തന്നെ തിരികെ നൽകി.തന്നോടുള്ള സ്‌നേഹവും കരുതലും കാരണം ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തിന് ഒരു കാർ സമ്മാനിച്ചപ്പോൾ അതും പാർട്ടിക്ക് നൽകി. സ്‌കൂൾ അധ്യാപിക ആയിരുന്ന രഞ്ജിതം അമ്മാളാണ് ഇദ്ദേഹത്തിന്റെ ജീവിത സഖി. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. 2016ൽ ഭാര്യ മരിച്ചു. നാടിന് നൽകിയ സംഭാവനകൾ മാനിച്ച് സർക്കാർ അദ്ദേഹത്തിന് ഒരു വീട് അനുവദിച്ചിരുന്നു. ദീർഘകാലമായി അദ്ദേഹവും കുടുംബവും അവിടെ ആയിരുന്നു താമസം.

2019ൽ എഐഎഡിഎംകെ സർക്കാർ അവിടെ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്ത് എത്തി. അദ്ദേഹത്തിന് മറ്റൊരു വീട് നൽകുമെന്ന് അന്ന് ഡിഎംകെ അധ്യക്ഷനായിരുന്ന എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. അദ്ദേഹത്തിന് ഒരിക്കലും സ്വന്തമായി വലിയ ആവശ്യമോ ലക്ഷ്യമോ ഉണ്ടായിരുന്നില്ല എന്നതിന്റെ ലളിതമായ തെളിവുകളാണിത്. ഇന്നും കർഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനും പരിസ്ഥിതി ബോധവൽക്കരണത്തിനും കോർപ്പറേറ്റുകൾക്കെതിരെയും ജാതി-മത ഭ്രാന്തിനെതിരെയും ആർ നല്ലക്കണ്ണ് ശബ്ദമുയർത്തുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares