തിരുവനന്തപുരം: എഐവൈഎഫ് ദേശീയ ജന:സെക്രട്ടറിയും ലോകയുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റുമായിരുന്ന സോണി ബി തെങ്ങമത്തിൻ്റെ സ്മരണാർത്ഥം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവുമായ ആർ നല്ലകണ്ണിന് സമർപ്പിക്കുവാൻ തീരുമാനിച്ചു.
സോണി ബി തെങ്ങമം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ബിനോയ് വിശ്വം എം പി, മുല്ലക്കര രത്നാകരൻ, ആലങ്കോട് ലീലാകൃഷണൻ, ടി ടി ജിസ്മോൻ, എൻ അരുൺ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്.
അനുസ്മരണ സമ്മേളനത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷതവഹിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പ്രസിഡന്റ് ആർ എസ് രാഹുൽരാജ്, അഡ്വ. ആർ എസ് ജയൻ, ജി എൻ ആദർശ് കൃഷ്ണ, അല്ജിഹാന് തുടങ്ങിയവർ പ്രസംഗിച്ചു.