പതിനെട്ടാം ലോക്‌സഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് 26 ന് നടക്കും. ടിഡിപിയുടെയും ജെഡിയുവിന്റെയും സഹായത്തോടെ അധികാരത്തിൽ വന്ന എൻഡിഎ മുന്നണി 24 – 25 തിയതികളിലായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്പീക്കർ പദവിയിൽ മുന്നണിയിലെ ഇരു കക്ഷികളും അവകാശം ഉന്നയിച്ചിരുന്നു. എന്നാൽ കേവല ഭൂരിപക്ഷം ഇല്ലാത്ത ഈ സാഹചര്യത്തിൽ സ്പീക്കർ പദവിയെ തന്ത്രപ്രധാനമായാവും ബിജെപി പരിഗണിക്കുക.
സ്പീക്കർ പദവിക്ക് വേണ്ടിയുള്ള ആവശ്യങ്ങൾക്കിടയിൽ ബിജെപി ഏകപക്ഷീയമായി പ്രോടേം സ്പീക്കറെ നിയമിച്ചത് വിവാദമായിരിക്കയാണ്. സ്‌പീക്കറെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഏറ്റവും മുതിർന്ന എംപി സഭാ നടപടികൾക്ക് നേതൃത്വം നൽകുമെന്ന ലോക്‌സഭാ ചട്ടത്തെ മറികടന്നതായ് പ്രതിപക്ഷം ചൂണ്ടികാട്ടി. പതിനെട്ടാം ലോക് സഭ ജൂൺ 24 നാണ് തുടങ്ങുന്നത്. ലോക്‌സഭാ നടപടി ക്രമങ്ങളുടെ മുന്നോടിയായാണ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രോടേം സ്‌പീക്കറായി ഭർതൃഹരി മഹ്‌താബിനെ നിയമിച്ചത്.
എട്ടു തവണ ലോക്സഭാഗമായ കൊടിക്കുന്നിൽ സുരേഷിനെ പിന്തള്ളിയാണ് ഈ നിയമനം. പാർലമെന്ററി ജനാധിപത്യമര്യാദയനുസരിച്ച് സീനിയോറിറ്റിയാണ് പ്രോടേം സ്‌പീക്കറുടെ മാനദണ്ഡം. അങ്ങനെ നോക്കുമ്പോൾ മഹ്‌താബിന് ഏഴു വർഷത്തെ പരിചയം മാത്രമാണ് ലോക്‌സഭയിലുള്ളത്.