മുംബൈ: ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട തെലുങ്ക് കവിയും സാമൂഹിക പ്രവർത്തകനുമായ വരവര റാവുവിന്റെ ഹർജി എൻഐഎ കോടതി തള്ളി. തിമിര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തേക്ക് ജന്മനാടായ ഹൈദരാബാദിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
കഴിഞ്ഞ മാസം വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ അനുമതിയില്ലാതെ മുംബൈ നഗരം വിടാൻ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നു അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയക്കും തുടർചികിത്സക്കും ഹൈദരബാദിൽ പോകാൻ അനുവാദം തേടി വരവരറാവു എൻഐഎ കോടതിയെ സമീപിച്ചത്.
തെലങ്കാനയിലെ കോളേജിൽ പ്രൊഫസറായിരുന്നതിനാൽ വരവര രാവു സംസ്ഥാന സർക്കാരിന്റെ പെൻഷൻകാരനാണ്, ഇക്കാരണത്താൽ ഹൈദരാബാദിൽ ശസ്ത്രക്രിയ നടത്തിയാൽ അത് സൗജന്യമായിരിക്കുമെന്നാണ് റാവു കോടതിയെ അറിയിച്ചത്.
റാവുവിന്റെ മകൾ ഹൈദരാബാദിൽ ഒഫ്താൽ മോളജിസ്റ്റും, കൊച്ചുമകൾ ഡോക്ടറുമായതിനാൽ ശസ്തക്രിയക്ക് ശേഷമുള്ള മെഡിക്കൽ പരിചരണത്തിന്റെ പ്രയോജനം തനിക്ക് ലഭിക്കുമെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ ശസ്ത്രക്രിയയ്ക്കും ആശുപത്രിയിലെ ചികിത്സാ ചെലവിനും ഉൾപ്പടെ 60,000 മുതൽ 2 ലക്ഷം രൂപ വരെ ചെലവ് വരുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ മുംബൈയിൽ താമസിക്കുന്ന 82 വയസുകാരനായ വരവര റാവുവിന് വീടിന്റെ വാടകയും മറ്റ് ചെലവുകളും ഉൾപ്പെടെ 61,000 രൂപ മാസം ആകുമെന്നും ഹർജിയിൽ പറയുന്നുണ്ട്.
മുംബൈ നഗരത്തിൽ മികച്ച മെഡിക്കൽ ട്രീറ്റ്‌മെന്റ് ലഭ്യമാണെന്നന്നും, ചികിത്സക്കായി വരവര റാവു നഗരം വിട്ട് ഹൈദരാബാദിലേക്ക് പോകേണ്ടതില്ലെന്നും ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് ഷെട്ടി കോടതിയിൽ വാദിച്ചത്. ഇതേത്തുടർന്ന് വരവര റാവുവിന്റെ ഹർജി കോടതി തള്ളുകയായിരുന്നു.