തൃശൂർ: ഓണത്തോടേ അനുബന്ധിച്ച് വിലക്കയറ്റം തടയുന്നതിനു ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കാൻ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നിർദ്ദേശം നൽകി. ഓണ വിപണിയുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും. തിരുവോണത്തിന് ഏഴ് ദിവസം മുമ്പ് മുതൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിക്കും.
സംസ്ഥാനത്ത് അരി പൂഴ്ത്തിവെക്കുന്നത് തടയാൻ ഭക്ഷ്യവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി. കേരളം അരിക്ക് ആശ്രയിക്കുന്ന ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിൽ വിലക്കയറ്റത്തിന് കാരണമെന്നാണ് പൊതുവിൽ പറയുന്നതെങ്കിലും അല്ലെന്ന വിലയിരുത്തലിലാണ് ഭക്ഷ്യവകുപ്പ്. ഇതേത്തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് രഹസ്യാന്വേഷണം.
അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നിൽക്കണ്ട് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ചു വെച്ചതാവാം വിലക്കയറ്റത്തിന് കാരണമെന്നാണ് ഭക്ഷ്യവകുപ്പ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് വിപണിയിലെ അന്വേഷണം.
സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിൽക്കാൻ വേണ്ടത്ര അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ആന്ധ്രയിൽ നിന്ന് എത്തിക്കാൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.