തിരുവനന്തപുരം: വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്ന മലയാളികൾ അടക്കമുള്ള യാത്രക്കാരുടെ സൗകര്യത്തിന്നായി ദക്ഷിണ റെയിൽവെ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിക്കണമെന്ന് എഐവൈഎഫ്.
വിഷു, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം തീർന്ന സാഹചര്യത്തിൽ നിരവധിപേരുടെ യാത്രയാണ് നിലവിൽഅനിശ്ചിതാവസ്ഥയിലായിരിക്കുന്നത്.അത് കൊണ്ട് തന്നെ ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാർക്ക് ഉയർന്ന നിരക്ക് നൽകി വിമാന യാത്ര ചെയ്യേണ്ട സാഹചര്യമാണ് നില നിൽക്കുന്നതെന്ന് എഐവൈഎഫ് ആരോപിച്ചു.
അതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവരുടെ യാത്ര ദുരിതം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ റെയിൽവെ അധികൃതർ സ്വീകരിക്കണമെന്നും അടിയന്തരമായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.