ന്യൂഡൽഹി: ജന്തര്‍ മന്തിറില്‍ ഗുസ്‌തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കാനും നമുക്ക് അഭിമാനമാകാനും കഠിന പ്രയത്നം ചെയ്തവരാണ് അവര്‍. അത്‍ലറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികളുടെയും അന്തസും അഭിമാനവും സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്വമുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്‌തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 7 പേര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. പരാതിയിലുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ബ്രിജ് ഭൂഷണെതിരായ ഗുസ്‌തി താരങ്ങളുടെ ജന്തര്‍ മന്തറിലെ സമരം ആറാം ദിവസത്തേക്ക് കടന്നു. പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നതും അച്ചടക്ക ലംഘനവും ആണെന്ന ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ പ്രസ്‌താവന നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
വനിത താരമായിട്ടും തങ്ങളെ കേൾക്കാൻ പി ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല,സമാധാനപരമായി പ്രതിഷേധിക്കുന്നു.സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷ.മൂന്ന് മാസമായി നീതിക്കായി പോരാടുന്നു എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി.