തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ കുട്ടികൾ സ്‌കൂള്‍ വിട്ടു പുറത്തു പോകണം, സ്‌കൂള്‍ പരിസരത്ത് കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. പല സ്‌കൂളുകളും കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ രക്ഷിതാക്കള്‍ എത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റ് സ്‌കൂളുകളാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്‌കൂളിനു പുറത്തും ബസ് സ്റ്റാന്‍ഡുകളിലും പോലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്‌കൂളിനു പുറത്തും ബസ് സ്‌റ്റോപ്പുകളിലുമാണ് വിദ്യാര്‍ഥികള്‍ കൂട്ടം കൂടി സംഘര്‍ഷങ്ങളിലേപ്പെടുന്നത്. ഇതോടൊപ്പം അധ്യാപകര്‍ ആവശ്യമെങ്കില്‍ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിക്കാനും നിര്‍ദേശമുണ്ട്.
ലഹരി ഉപയോഗം വിദ്യാര്‍ഥിക്കള്‍ക്കിടയില്‍ വര്‍ധിക്കുന്നുണ്ടെന്നതിനാലാണിത്.സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് ലഭിച്ചിരുന്നു.ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ മന്ത്രി നിര്‍ദേശം നല്‍കി.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളില്‍ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികള്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. അതേ സമയം, എസ്എസ്എല്‍സി, പ്ലസ് ടു മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും.