ടി കെ മുസ്തഫ വയനാട്
രണ്ട് കോടി യുവ ജനങ്ങൾക്ക് ഒരു വർഷം ജോലി എന്ന വാഗ്ദാനവുമായി 2014 ൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാറിന്റെ ഭരണ കാലയളവിൽ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ എത്തിച്ചേരുമ്പോൾ രാഷ്ട്രത്തിലും സാമ്പത്തിക മേഖലയിലും ഗുണപരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാനായി തങ്ങൾ ആർജ്ജിച്ചെടുത്ത അറിവും നൈപുണ്യങ്ങളും ഉപയോഗരഹിതമാകുന്നത് അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്കിടയിൽ പൊട്ടിത്തെറികൾ സൃഷ്ടിക്കുന്ന സ്ഥിതി വിശേഷമാണിന്ന് സംജാതമായിരിക്കുന്നത്.
സമ്പദ് വ്യവസ്ഥയുടെ സ്വാഭാവികമായ നിലനിൽപ്പിന് വർഷം തോറും ദശ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നിരിക്കെ
അധികാരത്തിൽ എത്തുമ്പോൾ നികത്താതെ കിടന്നിരുന്ന തസ്‌തികകളുടെ ഒഴിവുകൾ ഭരണ കാലത്ത് ഇരട്ടിയിലേറെയായി വർദ്ധിപ്പിച്ചും സർക്കാർ മേഖലയിലുള്ള തൊഴിൽ ദിനങ്ങൾ ക്ക് പുറമെ പൊതു -സ്വകാര്യ മേഖലകളിലെയും തൊഴിലവസരങ്ങളും വെട്ടിക്കുറച്ചും ചരിത്രത്തിൽ തുല്യതയില്ലാത്ത യുവജന വഞ്ചന മുഖ മുദ്രയാക്കിയിരിക്കുന്നു മോദി സർക്കാർ.
കേന്ദ്ര സർക്കാരിന് കീഴിലെ തസ്‌തികകളിലെ ഒഴിവുകളുടെ എണ്ണം 2022 മാർച്ച് വരെയുള്ള കാലയളവിൽ 9,83,028 ആണെന്നാണ് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ലഭിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒഴിവുകൾ 12 ലക്ഷത്തിന് മുകളിലായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 40,46,921 അംഗീകൃത തസ്‌തികയിൽ 30,63,893 എണ്ണം മാത്രം നികത്തപ്പെട്ടപ്പോൾ 24.29 ശതമാനമാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രസ്തുത ഒഴിവുകൾ ഗ്രൂപ്പ് എ വിഭാഗത്തിൽ 21,255 ഗ്രൂപ്പ് സി വിഭാഗത്തിൽ 7,56,146 തസ്തികകളുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് ബി വിഭാഗത്തിൽ ഗസറ്റഡ് തസ്തികകളിലേക്ക് 17005 നോൺ ഗസറ്റഡ് തസ്തികകളിലേക്ക് 80752 എന്നിങ്ങനെയാണ് ലഭ്യമാകുന്ന വിവര പ്രകാരമുള്ള ഒഴിവുകൾ.
2014ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നുവെങ്കിൽ മോദിയുടെ ഭരണ കാലയളവിൽ ഒഴിവുകൾ അതി ഭീമമായി വർദ്ധിച്ചിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ‘സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി’ ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ തൊഴിൽ പങ്കാളിത്ത നിരക്ക് കോവിഡിനുശേഷം കുത്തനെ ഇടിഞ്ഞതായാണ് പ്രസ്ഥാവിക്കുന്നത്.
2023-ലെ തൊഴിൽ പങ്കാളിത്ത നിരക്ക് 39.5 ശതമാനമാണെന്ന് അറിയിക്കുന്ന റിപ്പോർട്ട് 2017 നുശേഷമുള്ള കുറഞ്ഞ നിരക്കാണിതെന്ന് വ്യക്തമാക്കുന്നു.
2014 മുതൽ 2023വരെയുള്ള കാലയളവിൽ 24.08 കോടി ഉദ്യോഗാർഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചതിൽ 0.33 ശതമാനത്തിന് മാത്രമാണ് നിയമന ഉത്തരവ് നൽകിയത് എന്നാണ് കണക്കുകൾ പറയുന്നത്. 2014 മുതൽ ഓരോ വർഷവും ലഭിക്കാറുള്ള അപേക്ഷകളുടെ എണ്ണം ശരാശരി 2.75 കോടിയാണെന്നിരിക്കെ ഒൻപത് വർഷത്തിനിടെ ലഭിച്ച അപേക്ഷകരിൽ നിന്ന് നിയമനം നൽകിയ ഉദ്യോഗാർത്ഥികളുടെ അനുപാതം ഓരോ വർഷവും 0.07 ശതമാനം മുതൽ 0.80 ശതമാനം വരെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റയിൽവെയിലും കേന്ദ്ര സർക്കാരിന്റെ സ്വകാര്യ വത്കരണ നിയമന നിരോധന നയങ്ങൾ സൃഷ്ടിച്ച ആഘാതങ്ങൾ ചില്ലറയല്ല. നിലവിൽ റെയിൽവെയിൽ ആകെ മൂന്ന് ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകൾ പറയുന്നു. 2177 ഗസറ്റഡ് തസ്തികകളും 2,63,370 നോൺ ഗസറ്റഡ് തസ്തികകളും ഉൾപ്പെടെയാണത്. ആറ് വർഷത്തിനിടെ 72,000-ലധികം തസ്തികകളാണ് നിർത്തലാക്കിയത്. എഞ്ചിനീയർമാർ, ടെക്‌നീഷ്യന്മാർ,സ്റ്റേഷൻ മാസ്റ്റർമാർ തുടങ്ങി അതി പ്രധാന തസ്തികകൾ പോലും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. 2022-23 കാലയളവിൽ സിഗ്നൽ മറികടന്നതുൾപെടെയുണ്ടായ 162 അപകടങ്ങൾ അമിത ജോലി ഭാരം നിമിത്തമാണെന്ന് റെയിൽവെയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പൊതുമേഖല സ്ഥാപനങ്ങളും അവയുടെ ആസ്‌തികളും കോർപ്പറേറ്റുകളുടെ കൈകളിലെത്തിക്കുകയെന്ന കേന്ദ്ര നയത്തിന്റെ തുടർച്ചയായിത്തന്നെയാണ് വാർത്ത വിനിമയ വിപ്ലവത്തിന് അനിവാര്യമായ അതിബൃഹത്തായ പശ്ചാത്തല സംവിധാനങ്ങൾ രാജ്യത്തിനു വേണ്ടി ഒരുക്കിയ, ഒന്നര നൂറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള ബി എസ് എൻ എലിന്റെ സ്വകാര്യ വത്കരണത്തെ കാണേണ്ടത്. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ 144,711 ബി എസ് എൻ എൽ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 2019 ൽ 1,66,974 സ്ഥിരംജോലിക്കാരും 49,114 കരാർ ജീവനക്കാരുമടക്കം 2,16,088 ജീവനക്കാർ ബി എസ് എൻ എല്ലിൽ ഉണ്ടായിരുന്നു. വെറും ഒരു വർഷം കൊണ്ടാണ് അവരിൽ 1,15,634 പേരെയും പിരിച്ചുവിട്ടത്. തുടർന്ന് 2020 മുതലുള്ള വർഷങ്ങളിലും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതോടെ നിലവിൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമായി ബിഎസ്എൻഎൽ ചുരുങ്ങി. കരാർ ജീവനക്കാരുടെ എണ്ണമാകട്ടെ, അഞ്ചിലൊന്നായിട്ടാണ് കുറഞ്ഞിരിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയ് കൗൺസിൽ അംഗമായിരുന്ന ഡോ. അംബേദ്കറായിരുന്നു അക്കാലത്തെ തൊഴിൽ നിയമങ്ങൾ പാസ്സാക്കാൻ മുൻകൈ എടുത്തിരുന്നത്. ഐ.എൽ.ഒ (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ) സ്ഥാപക അംഗമായ ഇന്ത്യ ഐ.എൽ.ഒ. അംഗീകരിച്ച നിയമങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരുമായിരുന്നു. എന്നാൽ 1991 മുതൽ രാജ്യത്താരംഭിച്ച ആഗോളവത്കരണ – നവ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായുള്ള സ്വകാര്യവത്കരണവും, തൊഴിലാളി വിരുദ്ധ നിലപാടുകളും നിമിത്തം സ്ഥിരം ജോലികൾ എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെടുകയായിരുന്നു എന്നതാണ് സത്യം.
സ്വാതന്ത്ര്യാനന്തരം ഭീകരമായി വളർന്ന ഇന്ത്യൻ കുത്തക മുതലാളിവർഗ്ഗം സാമ്രാജ്യത്വ ധനമൂലധനവുമായി കൂട്ടുചേർന്ന് സമകാലിക നയങ്ങൾ ആവിഷ്കരിക്കുമ്പോൾ പ്രസ്തുത നയങ്ങളോട് വിധേയത്വം പുലർത്തുന്ന നിലപാടാണ് ഭരണ കൂടം സ്വീകരിക്കുന്നത്. കോൺഗ്രസ് ഭരണ കാലത്ത് തുടക്കം കുറിച്ച സാമ്രാജ്യത്വ ആഗോള വത്കരണ നയങ്ങളുടെ മറവിലെ ജനദ്രോഹ നടപടികൾ പൂർവ്വാധികം ശക്തിയോടെ നടപ്പാക്കുകയാണ് മോദി സർക്കാർ.
2019ൽ പാസാക്കിയ വേജ് കോഡ് ബില്ലിലൂടെ തൊഴിലാളിവർഗത്തിന്റെ ജീവിത- തൊഴിൽ സാഹചര്യങ്ങളിൽ മുതലാളിത്ത നയങ്ങളെ പ്രതിഷ്ഠിച്ച ഭരണ വർഗ്ഗം രാജ്യത്തെ നവീന ബിസിനസ് സാഹചര്യങ്ങൾക്കനുസരിച്ചുള്ള തൊഴിൽ മേഖലയുടെ പരിവർത്തനമെന്ന ലേബലിൽ 29 തൊഴിൽ നിയമങ്ങൾ 4 ലേബർ കോഡുകളാക്കാൻ കുത്സിത ശ്രമം നടത്തി കേന്ദ്ര ഭരണ കൂടത്തെ നിയന്ത്രിക്കുന്ന വർഗ്ഗത്തെ തൃപ്തിപ്പെടുത്താനാനും ഈയിടെ ശ്രമിക്കുകയുണ്ടായി.
തങ്ങൾക്ക് ഇഷ്ടമുള്ളവരെ നിയമിക്കാനും, തോന്നുമ്പോൾ പിരിച്ചുവിടാനും സ്വാതന്ത്ര്യം വേണമെന്ന കുത്തകകളുടെ നിബന്ധനകൾക്ക് കീഴടങ്ങിക്കൊണ്ട് മുതലാളിത്തത്തിന്നെതിരെ ഉയർന്നുവരുന്ന വർഗ സമരശക്തികളെ ശീഥിലീകരിക്കുന്നതിന് സഹായം ചെയ്യുകയാണ് കേന്ദ്രം.
രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിലും ആനുകൂല്യങ്ങളിലും പ്രതികൂല മാറ്റങ്ങൾ സൃഷ്ടിച്ച് നൂറ്റാണ്ടുകളായുള്ള പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ വേരറുത്ത് കൊണ്ട് തൊഴിലിടത്തെ ഉടമകൾക്ക് മാത്രമനുകൂലമായി നിശ്ചയിച്ചുള്ള സമാനതകളില്ലാത്ത തൊഴിലാളി വിരുദ്ധ, പൊതുമേഖലാ വിരുദ്ധ നടപടികൾ തൊഴിലാളികളിൽ മാത്രമല്ല തൊഴിൽ അന്വേഷകരായ ചെറുപ്പക്കാരിലും സൃഷ്ടിക്കുന്ന ആശങ്കകൾ ചെറുതല്ല.
നവ ലിബറൽ നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളെല്ലാം തന്നെ ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്കനുവദിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളെ നിഷ്കാസനം ചെയ്തു കൊണ്ടിരിക്കുകയാണ്. 1973 ൽ നിലവിലുള്ള ലോക സാമ്പത്തിക ക്രമത്തെത്തന്നെ മാറ്റിമറിച്ചു കൊണ്ടും നവ ലോക സാമ്പത്തിക ക്രമം ലക്ഷ്യം വെച്ചു കൊണ്ടും ബഹുരാഷ്ട്ര കുത്തകകൾക്ക് പെരുമാറ്റ ചട്ടങ്ങൾ നിഷ്കർഷിച്ചു കൊണ്ടും പ്രമേയം പാസ്സാക്കിയിരുന്നു ഐക്യ രാഷ്ട്ര സഭ. പക്ഷെ തൊണ്ണൂറുകളുടെ തുടക്കത്തോടെ ഐക്യ രാഷ്ട്ര സഭയടക്കം ബഹുരാഷ്ട്ര കുത്തകകളുടെ ഉപകരണങ്ങളായി മാറിയിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് . ദേശ രാഷ്ട്രങ്ങളുടെ പ്രസക്തി തന്നെ നഷ്‌ടപ്പെടും വിധം ആഗോള മൂലധനം ആധിപത്യം പുലർത്തിപ്പോരുകയാണ്
ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശ ധ്വംസനങ്ങൾക്കെതിരെ സമാനതകളില്ലാത്ത പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ പൗരന്മാർക്കിടയിൽ വൈകാരിക ഉത്തേജനം നിറച്ച് തങ്ങൾക്കെതിരായ ജനരോഷത്തെ വഴി തിരിച്ചു വിടാമെന്ന് കരുതുകയാണ് ഭരണാധികാരികൾ. നവലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ അരക്ഷിത സാഹചര്യങ്ങളുടെ മേഖലകളിൽ അഭിപ്രായ വ്യത്യാസങ്ങളേക്കാൾ സ്വന്തം ഭാവിയെ നിർണ്ണയിക്കുന്നത് കോർപറേറ്റുകളുമായുള്ള സഹന സമരത്തിന്റെ തിള നിലയാണെന്ന ബോധ്യമുൾക്കൊണ്ട് തന്നെ അതിജീവന പോരാട്ട പാതയിൽ അജയ്യരായി യുവജനങ്ങൾ ഒന്നടങ്കം നില കൊള്ളേണ്ട സാഹചര്യമാണ് രാജ്യത്ത് നില നിൽക്കുന്നത്!
(അഭിപ്രായം വ്യക്തിപരം)