മലയാള സിനിമാ സംഘടനാ നേതാക്കള്‍ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്‍ നല്‍കിയ കേസില്‍ നടന്‍ ജയസൂര്യ മൊഴിമാറ്റി പറഞ്ഞ് വിനയനെ ചതിച്ചെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാദമി അംഗവുമായ എന്‍ അരുണ്‍. അന്വേഷണ സംഘത്തോട് ജയസൂര്യ ഉള്‍പ്പടെയുള്ള പലരും തങ്ങളോട് വിനയന്റെ സിനിമയില്‍ സഹകരിക്കരുതെന്ന് സംഘടനാനേതാക്കള്‍ പറഞ്ഞ കാര്യം മൊഴി നല്‍കി. എന്നാല്‍ ഉറച്ച നിലപാടുള്ള ധീരന്‍ എന്ന് പലരും പ്രചരിപ്പിക്കുന്ന ജയസൂര്യയുടെ തനിനിറം കണ്ടത് കേസിന്റെ വിചാരണ സമയത്തായിരുന്നു. അന്ന് മൊഴി പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്നും അറിയില്ലെന്നും പറഞ്ഞ് സ്വന്തം ഗുരുവിനെ വഞ്ചിച്ച ജയസൂര്യ എന്ന ശിഷ്യനെയും നമുക്കറിയാം. നടന്‍മാരായ മധുവും ഇന്ദ്രന്‍സും സ്വാധീനിക്കാന്‍ ചെന്നവര്‍ക്ക് വഴങ്ങാതെ കോടതിക്കു മുന്നില്‍ സത്യം പറഞ്ഞു. അതുകൊണ്ട് മാത്രം കേസില്‍ വിനയനെ വിലക്കിയ ഉന്നതര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്‍ അരുണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സിനിമ നടന്‍ ജയസൂര്യ കളമശ്ശേരിയില്‍ ദുരുദ്ദേശപരമായി നടത്തിയ വസ്തുതാവിരുദ്ധമായ ഒരു പ്രസംഗം സജിവ ചര്‍ച്ചയായിരിക്കുകയാണല്ലോ. അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനവും ഞാനും അഭിപ്രായം പറഞ്ഞിരുന്നു. വസ്തുതകള്‍ മറച്ചുവച്ച് കളവാണ് ജയസൂര്യ അവിടെ പറഞ്ഞത്. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്നുവെന്നും ആരും കേരളത്തില്‍ ഇനി കൃഷി ചെയ്യുവാന്‍ തയ്യാറാകില്ല എന്ന തരത്തില്‍ സംസാരിച്ച് കേരളത്തെ ഇകഴ്ത്തിക്കാണിക്കുവാനുള്ള ചിലരുടെ താല്‍പ്പര്യാനുസരണമുള്ള പ്രസംഗമായിരുന്നു അതെന്ന് വ്യക്തമാണ്.
കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വിഹിതം 512 കോടി രൂപ നല്‍കാത്തതു കൊണ്ടാണ് 14000 കര്‍ഷകര്‍ക്ക് (360 കോടി) പൂര്‍ണ്ണമായും പണം നല്‍കാന്‍ സാധിക്കാത്തത് (എന്നാല്‍ നല്‍കേണ്ടതിന്റെ 28% തുക കൊടുത്തിട്ടുണ്ട്).
കേരള സര്‍ക്കാര്‍ കടമെടുത്തതുകൊണ്ട് മാത്രമാണ് 2.36 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ സാധിച്ചത്.ഈ യാഥാര്‍ത്ഥ്യം മറച്ചു വച്ചാണ് ജയസൂര്യയും കൂട്ടുകാരും നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ജയസൂര്യ നിലപാടുള്ളവനാണ്, അത് ഉറക്കെ പറയും, അതില്‍ ഉറച്ച് നില്‍ക്കും എന്നൊക്കെയാണ് വ്യാപകമായി അനുചര വൃന്തം പ്രചരിപ്പിക്കുന്നത്, സത്യത്തില്‍ ചില വാസ്തവങ്ങള്‍ അറിയാവുന്ന താന്‍ ജയസൂര്യയുടെ നിലപാടിലെ ഉറപ്പിനെക്കുറിച്ച് ഒരു കാര്യം പറയാം. ജയസൂര്യയെ സിനിമയില്‍ നായകനാക്കി താരമാക്കിയ ഒരു സംവിധായകനാണ് വിനയന്‍. അദ്ദേഹമാണ് ദിലീപിനു തീരുമാനിച്ച തന്റെ സിനിമയിലെ(ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍) നായകവേഷം ജയസൂര്യക്കു നല്‍കി താരമാക്കിയത്. ജയസൂര്യക്കു ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു അത്. ജയസൂര്യ തന്നെ വിനയനാണ് തന്റെ ഗുരുനാഥനെന്ന് പറയാറുമുണ്ട്.
ആ ഗുരുനാധന്‍ കാലാജീവിതത്തില്‍ വന്‍ പ്രതിസന്ധി നേരിട്ട ഒരു കാലമുണ്ട്. സിനിമാ സംഘടനയിലെ ചിലര്‍ ചേന്ന് വിനയനെ വിലക്കുവാന്‍ തീരുമാനിച്ച കാലം. നടീനടന്‍മാരെയും സാങ്കേതിക വിദഗ്ധരെയും വിനയന്റെ സിനിമയില്‍ സഹകരിക്കരുതെന്ന് ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെ അന്നുണ്ടായിരുന്നു. വര്‍ഷങ്ങളോളം ആ വിലക്ക് നീണ്ടു. നിയമ പോരാട്ടം നടത്താന്‍ തന്നെയായിരുന്നു വിനയന്റെ തിരുമാനം.
അന്വേഷണ സംഘത്തോട് വിനയന്റെ ശിഷ്യന്‍ ജയസൂര്യ ഉള്‍പ്പടെയുള്ള പലരും തങ്ങളോട് വിനയന്റെ സിനിമയില്‍ സഹകരിക്കരുതെന്ന് സംഘടനാനേതാക്കള്‍ പറഞ്ഞ കാര്യം മൊഴി നല്‍കി. എന്നാല്‍ ഉറച്ച നിലപാടുള്ള ധീരന്‍ എന്ന് പലരും പ്രചരിപ്പിക്കുന്ന ജയസൂര്യയുടെ തനിനിറം കണ്ടത് കേസിന്റെ വിചാരണ സമയത്തായിരുന്നു. അന്ന് മൊഴി പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്നും അറിയില്ലെന്നും പറഞ്ഞ് സ്വന്തം ഗുരുവിനെ വഞ്ചിച്ച ജയസൂര്യ എന്ന ശിഷ്യനെയും നമുക്കറിയാം.
കേസ് നടത്തിപ്പില്‍ ജയസൂര്യയുടെ വക്കാലത്ത് നടത്തിയ അഡ്വ. എസ് രഞ്ജിത്, കേസ് വിസ്താര വേളയില്‍ ഗുരുവിനെ വഞ്ചിച്ച് പുറത്തേക്കിറങ്ങിയ ജയസൂര്യയുടെ നടനവൈഭവം ഇപ്പോഴും ഈര്‍ഷയോടെ ഓര്‍ക്കുന്നുണ്ട്, വഞ്ചിതനായ ഗുരുനാഥനും വക്കീലും എറണാകുളത്തു തന്നെയുണ്ട്. സംശയമുള്ളവര്‍ക്ക് ഇരുവരെയും വിളിച്ച് അന്വേഷിക്കാം. ശിഷ്യന്‍ ഗുരുവിനെ വഞ്ചിച്ചെങ്കിലും ആ കേസില്‍ ഗുരുതന്നെ വിജയിച്ചു.
മലയാളത്തിന്റെ മഹാനടന്‍ മധുസാറും നന്മയുള്ള നടന്‍ ഇന്ദ്രന്‍സ് ചേട്ടനും സ്വാധീനിക്കാന്‍ ചെന്നവര്‍ക്ക് വഴങ്ങാതെ കോടതിക്കു മുന്നില്‍ സത്യം പറഞ്ഞു. അതുകൊണ്ട് മാത്രം കേസില്‍ വിനയനെ വിലക്കിയ ഉന്നതര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. നിലപാടുകാരന്‍ ജയസൂര്യയെ പുകഴ്ത്തുന്നവര്‍ ഗുരുവിന്റെ ജീവിതത്തിലെ നിര്‍ണ്ണായക സമയത്ത് നല്‍കിയഈ ഗുരുദക്ഷിണയുടെ കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതാണെന്ന് എന്‍ അരുണ്‍ പറഞ്ഞു.