പോരാട്ടത്തിന്റെ മറ്റൊരു പേരാണ് സി കെ ചന്ദ്രപ്പന്‍. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന ഓരോ പുതുതലമുറക്കാരും അദ്ദേഹത്തിന്റെ ജീവിതം വായിച്ചു പഠിക്കേണ്ടതുണ്ട്. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയായിരുന്ന ഒരു മനുഷ്യന്‍. പിരിഞ്ഞു പോയി പതിനൊന്ന് വര്‍ഷം കഴിയുമ്പോഴും സി കെ എന്ന രണ്ടരക്ഷം കേരള രാഷ്ട്രീയ മണ്ഡലത്തില്‍ മങ്ങാതെ മറയാതെ നില്‍ക്കുന്നു. സികെയുടെ രാഷ്ട്രീയ, വ്യക്തി ജീവിതങ്ങള്‍ രണ്ടായിരുന്നില്ല. പൊതു രംഗത്തില്‍ എന്തായിരുന്നോ, അതു തന്നെയായിരുന്നു സ്വകാര്യ ജീവിതത്തിലും ചന്ദ്രപ്പന്‍. ഇവിടെ പറയാന്‍ പോകുന്നത് സികെയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചല്ല. തീഷ്ണമായൊരു പ്രേമത്തെക്കുറിച്ചാണ്. സികെയുടെ പ്രിയപ്പെട്ട സഖാവ് ബുലുവിനെ കുറിച്ചാണ്.
എഐവൈഎഫിന്റെ ദേശീയ നേതാവായും പാര്‍ലമെന്റേറിയനായും ഡല്‍ഹിയില്‍ തങ്ങുന്ന കാലത്താണ് ചന്ദ്രപ്പന്റെ ജീവിതത്തിലേക്ക് ബംഗാള്‍ സ്വദേശിനി ബുലുറോയ് ചൗധരി കടന്നു വരുന്നത്. ഊര്‍ജസ്വലയായ സിപിഐക്കാരി. പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ബുലുറോയിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി എംപിമാര്‍ക്കാവശ്യമായ വിഷയങ്ങളെക്കുറിച്ച് റിസര്‍ച്ച് ചെയ്യുക, പാര്‍ട്ടി കാഴ്ചപ്പാടുകള്‍ക്ക് വിധേയമായി ഓരോ വിഷയങ്ങളിലും പഠനം നടത്തുക, പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുള്ള ചോദ്യങ്ങളും രൂപരേഖകളും തയാറാക്കുക. ഇതായിരുന്നു ബുലുവിനും സംഘത്തിനും പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ബിരുദമുള്ള ബുലുറോയ് ചൗധരി ഇക്കാലത്താണ് മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ച ചന്ദ്രപ്പനുമായി അടുക്കുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറി.
പതിനാലും വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഡല്‍ഹി എസ് വി ഘാട്ടെ ഹാളില്‍ നടന്ന വിവാഹത്തിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി രാജേശ്വരറാവു കാര്‍മ്മികത്വം വഹിച്ചു. കേരളത്തില്‍ നിന്ന് എംഎന്‍, അച്യുതമേനോന്‍, എന്‍.ഇ. ബലറാം, പി കെ വി തുടങ്ങിയവരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്ററിന്റെ (ഇപ്റ്റ) പ്രവര്‍ത്തകയായിരുന്ന ബുലുറോയ് ചൗധരി മികച്ച നാടക നടിയായിരുന്നു. സിപിഐ അനുകൂല പ്രസിദ്ധീകരണങ്ങളായിരുന്ന ലിങ്ക്, പേട്രിയറ്റ് എന്നിവയില്‍ വാര്‍ത്തകളും ലേഖനങ്ങളുമെഴുതിയിരുന്നു. ബയോഗ്രാഫി ഓഫ് മാഡം കാമ എന്നൊരു പുസ്തകവും ബുലു രചിച്ചിട്ടുണ്ട്. സികെയുടെ മരണത്തിന് ശേഷം, 2016 ഫെബ്രുവരി 16ന് സഖാവ് ബുലുറോയ് ചൗധരിയും വിടവാങ്ങി.