ജനാധിപത്യത്തെ കൈക്കരുത്തിന്റെ രാഷ്ട്രീയം കൊണ്ട് നേരിട്ട ബാൽ താക്കറെയുടെ ശിവസേന അപ്പാടെ തകർന്നടിയുന്ന കാഴ്ചയാണ് രാജ്യം ചർച്ചചെയ്യുന്നത്. മറാത്ത വാദമുയർത്തി ഒരു സംസ്ഥാനത്തെ ജനങ്ങളിലേക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവച്ച് മഹാരാഷ്ട്ര അടക്കി വാണ ‘ഫ്രിഞ്ച് ഗ്രൂപ്പ്” നിലംപരിശായിരിക്കുകയാണ്. ഒട്ടകത്തിന് കിടക്കാൻ ഇടം കൊടുത്തത് പോലെ, ബിജെപിയെ വളരാൻ അനുവദിച്ചതിന്റെ അനന്തര ഫലം സേന അനുഭവിക്കുമ്പോൾ, മതേതര രാഷ്ട്രീയം ഉയർത്തിപിടിക്കുന്നവർ നെടുവീർപ്പിടേണ്ട കാര്യമില്ല.
കോൺഗ്രസിനോടും എൻസിപിയോടും ചേർന്നു എന്ന ഒറ്റക്കാരണത്താൽ, കമ്മ്യൂണിസ്റ്റുകളുടെയും ദക്ഷിണേന്ത്യക്കാരുടെയും രക്തത്തിൽ ചവിട്ടി വളർന്ന ശിവ സേന ഒരിക്കലും മതേതര ശിവസേനയാകില്ല. പ്രാദേശികത ഉയർത്തി ബാൽ താക്കറെ പടുത്തുയർത്തിയ പ്രസ്ഥാനത്തിനായി അരിഞ്ഞു തള്ളിയ ജീവിതങ്ങൾ ഏറെയാണ്. ആ കൊന്നു തള്ളിയവരുടെ കൂട്ടത്തിൽ വിസ്മരിക്കാൻ കഴിയാത്ത കരുത്തനായ ഒരാളുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ തീപ്പൊരി നേതാവായിരുന്ന കൃഷ്ണ ദേശായി. ആ ട്രേഡ് യൂണിയൻ നേതാവിന്റെ നെഞ്ചിൽ കഠാരകുത്തിയിറക്കിയാണ് ശിവസേന മറാത്ത മണ്ണിൽ തങ്ങളുടെ രാഷ്ട്രീയ വേരോട്ടത്തിനു അടിത്തറയിട്ടത്.
സ്വാതന്ത്ര്യാനന്തരം ജനകീയ യൂണിയൻ നേതാവായി ഉയർന്നുവന്ന ഒരു മിൽ തൊഴിലാളിയായിരുന്നു ദേശായി. 1952 ൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുബൈ കോർപ്പറേഷനിൽ തൊഴിലാളികൾക്കായി ശബ്ദമുയർത്തിയ വ്യക്തിത്വം. തുടർന്ന് 1967-ൽ പരേലിൽ നിന്ന് സിപിഐ ടിക്കറ്റിൽ എംഎൽഎ ആയി നിയമസഭയിലും തന്റെ കഴിവു തെളിയിച്ചു. മിൽ തൊഴിലാളികളുടെ ഹൃദയഭൂമിയായ ലാൽബാഗ് പരേലിലെ തൊഴിലാളിവർഗത്തിന്റെ ഹൃദയത്തിലേറിയ നേതാവ്. ബോംബെയിൽ യുവാക്കളെ ഉൾക്കൊള്ളിച്ച് സിപിഐയുടെ സാംസ്കാരിക മുഖമായ രാഷ്ട്ര സേവാദൾ രൂപീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല.
1963 മുതൽ 1975 വരെയുള്ള കോൺഗ്രസിന്റെ ഭരണത്തിന്റെ കാലഘട്ടത്തിലാണ് ശിവസേനയെന്ന രാഷ്ട്രീയ പാർട്ടി മഹാരാഷ്ട്രയുടെ മണ്ണിൽ വളർന്നുവന്നത്. അക്കാലത്ത് മഹാരാഷ്ട്രയിൽ നിയമസഭയ്ക്കകത്തും പുറത്തും കോൺഗ്രസിന്റെ മുതലാളിത്ത അജണ്ടകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയർത്തിയിരുന്ന കൃഷ്ണ ദേശായി എന്നും കോൺഗ്രസിന്റെ കണ്ണിലെ കരടയിരുന്നു. മഹാരാഷ്ട്രയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരം ഏതുവിധേനയും തകർത്തെറിയുകയെന്നതു തന്നെയായിരുന്നു കോൺഗ്രസിന്റെയും ലക്ഷ്യം.
ബോംബെയിൽ തങ്ങളുടെ അടിത്തറ ഉറപ്പിക്കാൻ ശ്രമിച്ച സേന, പ്രദേശത്ത് രാഷ്ട്രീയ ആധിപത്യത്തിനായി സിപിഐയുമായി ഏറ്റുമുട്ടുകയും രാഷ്ട്ര സേവാദളിനെയും ദേശായിയെയും ഭീഷണിയായി കാണുകയും ചെയ്തു. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനത്ത് എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നത് സിപിഐയുടെ ട്രേഡ് യൂണിയനുകളായിരുന്നു. അതുകൊണ്ട് തന്നെ മുതലാളിത്ത ലോബികളെ കൂട്ടുപുടിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അപ്പാടെ തകർത്തെറിയുകയെന്നതായിരുന്നു കോൺഗ്രസിന്റെയും ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റാൻ കോൺഗ്രസ് ശിവസേനയുടെ അന്തമില്ലാത്ത ചോരക്കളിക്ക് മുന്നിൽ കണ്ണടച്ചു.
1970 ജൂൺ 5-ന് രാത്രി ദേശായി തന്റെ കൂട്ടാളികളിലൊരാൾക്കൊപ്പം തന്നെ കാണാനെത്തിയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അജ്ഞാതനോട് സംസാരിക്കുന്നതിനായി വീടിന് പുറത്തേക്ക് ഇറങ്ങി. ഇരുട്ടിന്റെ മറപറ്റി നിന്ന അക്രമികൾ അദ്ദേഹത്തെ കുത്തി വീഴ്ത്തി. രണ്ട് വാളുകൾ ദേശായിയുടെ വാരിയെല്ലിൽ തുളച്ചുകയറി, സംഭവസ്ഥലത്ത് വച്ച് തന്നെ ആ ധീര കമ്മ്യൂണിസ്റ്റ് മരിച്ചു വീണു. കൊലപാതകത്തിന് 19 ശിവസേനാ അനുഭാവികളെ അറസ്റ്റ് ചെയ്യുകയും 16 പേരെ പിന്നീട് ശിക്ഷിക്കുകയും ചെയ്തു.
ആരെയും കൂസാത്ത ആരെയും ഭയപ്പെടാത്ത കരുത്തനായ ആ കമ്മ്യൂണിസ്റ്റിന്റെ കൊലപാതകം മഹാരാഷ്ട്രയെ ഞെട്ടിക്കുന്നതായിരുന്നു.ഇതോടെ, ജനങ്ങൾക്കിടയിൽ ഉയർന്ന ഭയത്തെയും ശിവസേന പിന്നീട് അവരുടെ വളർച്ചക്കുള്ള വളമാക്കി മാറ്റുകയാണ് ഉണ്ടായത്. അതിനു വ്യക്തമായ ഉദാഹരണം തന്നെയായിരുന്നു ദേശായിയുടെ മരണശേഷം അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ്. ശിവസേന സ്ഥാനാർത്ഥി വാമൻറാവു മഹാദിക്, ദേശായിയുടെ ഭാര്യയായ സരോജിനി ദേശായിയെ 1,679 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യുണിസ്റ്റുകാരെന്റെ രക്തത്തിൽ ചവിട്ടിയാണ് ശിവ സേന എന്ന തീവ്രവാദി സംഘം മഹാരാഷ്ട്രയിൽ ആദ്യമായി നിയമസഭ കടക്കുന്നത്.
സംഘടിതവും വ്യാപകമായ മാറാത്ത ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ സിപിഐ ബോംബയിൽ ദുർബലമായി. തുണി മില്ലുകൾ മാറി വൻകിട വ്യവസായ ശാലകൾ വന്നപ്പോൾ അവിടങ്ങളിൽ സേന തങ്ങളുടെ തൊഴിലാളി യൂണിയനുകൾ ശക്തി പെടുത്തി. ഒരുനാൾ ചെങ്കൊടി വാനിലുയർന്ന പറന്ന ബോംബെ, മുബൈ ആയപ്പോൾ കൈയ്യൂക്ക് കൊണ്ട് ശിവ സേന കാവിക്കൊടി നാട്ടി. ശിവ സേന മതേതര മുഖമൂടി എടുത്തണിഞ്ഞാലും ഊരി വെച്ചാലും ഇന്ത്യൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന നക്ഷത്രമായി ഓർമ്മകളിൽ കൃഷ്ണ ദേശായി നിറഞ്ഞു നിൽക്കും.