അത്രമേൽ വൈകാരികമായിരുന്നു ആ യാത്രയപ്പ്. വെളളിയാഴ്ച വൈകുന്നേരം സഖാവിന്റെ വിയോഗ വാർത്ത അറിഞ്ഞതോടെ, രാഷ്ട്രീയ കേരളം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയി. ഇടതുമുന്നണിയുടെ കരുത്തനായ പോരാളി സഖാവ് കാനം രാജേന്ദ്രൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ നേതാക്കളും പാർട്ടി പ്രവർത്തകരും പാടുപെട്ടു. പിന്നെ കണ്ടത്, തിരുവനന്തപുരത്തെ പിഎസ് സ്മാരകത്തിലേക്കുള്ള ഒഴുക്ക്.
പട്ടത്തെ പിഎസ് സ്മാരകത്തിലേക്ക് ശനിയാഴ്ച രാവിലെ സഖാവിന്റെ ചേതനയറ്റ ശരീരം എത്തിക്കുമ്പോഴേക്കും ജനസാഗരം ഒഴുകിയെത്തിയിരുന്നു. വാർത്ത കേട്ട് കാസർകോട് നിന്ന് പുറപ്പെട്ടു എത്തിയവർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രിയസഖാവിനെ അവസാനമായി കാണാൻ ആയിരങ്ങൾ തിക്കിത്തിരക്കി. സമയനിഷ്ടയുടെ കാര്യത്തിൽ കർക്കശക്കാരാനായിരുന്ന കാനം രാജേന്ദ്രന്റെ അവസാന യാത്ര വൈകിപ്പിക്കരുതെന്ന് പാർട്ടിക്ക് നിർബന്ധമുണ്ടായിരിന്നിട്ടും പറഞ്ഞ സമയത്ത് വിലാപയാത്ര പുറപ്പെടാൻ ഈ തിരക്ക് കാരണം സാധിച്ചില്ല.
തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര പുറപ്പെട്ട വഴികളിലെല്ലാം ആളുകൾ കൂട്ടമായി കാത്തുനിന്നു. വെഞ്ഞാറമൂടും കിളിമാനൂരും ജനം തിക്കിതിരക്കി. നിലമേലിൽ ഇടറിയ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ വാഹനത്തെ പുതഞ്ഞു. ദയവു ചെയ്ത് തിരക്കു കൂട്ടരുതെന്ന് നേതാക്കൾക്ക് മൈക്കിലൂടെ വിളിച്ചു പറയേണ്ടിവന്നു. സമാധാനമായി നിൽക്കൂ, എല്ലാവർക്കും കാണാമെന്ന് മൈക്കിലൂടെ പറയുമ്പോൾ മന്ത്രി പി പ്രസാദിന്റെ വാക്കുകൾ കരച്ചിലോളമെത്തിയിരുന്നു. അത്രമേൽ വൈകാരികമായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ.
അടൂരിലും പന്തളത്തും ചെങ്ങന്നൂരുമെല്ലാം സമാനമായ രീതിയിൽ ആളുകൾ തടിച്ചുകൂടി. രാത്രി വൈകിയും പതിനായിരങ്ങൾ വഴിയരികിൽ കാത്തിരുന്ന സഖാവിനെ കണ്ടു. ഇന്ന് പുലർച്ചെ മുന്നു മണി കഴിഞ്ഞാണ് സഖാവിനെ കോട്ടയത്തെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. അവിടെയും വൻ ജനവലി തടിച്ചുകൂടി. കാനത്തെ വീട്ടിലേക്കുള്ള യാത്രാവഴിയിലും ജനങ്ങൾ ഒരുനോക്ക് കാണാനായി തിക്കിതിരക്കി. വടക്കൻ കേരളത്തിൽ നിന്നെത്തിയ സഖാക്കൾ രാത്രിതന്നെ കാനത്തെ വീട്ടിൽ എത്തിയിരുന്നു.
മൃതദേഹം കൊണ്ടുവന്നപ്പോൾ ജനക്കൂട്ടം കണ്ഠമിടറി മുദ്രാവാക്യം മുഴക്കി. സഖാവിന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ മനുഷ്യർ കരഞ്ഞുകൊണ്ട് മുദ്രാവാക്യം മുഴക്കി. മന്ത്രി പി പ്രസാദ് വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങൾ പതിനായിരങ്ങൾ ഒരുമിച്ച് ഏറ്റുവിളിച്ചു. അത്രമേൽ വൈകാരികമായി, സഖാക്കൾ അദ്ദേഹത്തിന് യാത്രയപ്പ് നൽകി. ഇനി കാനമില്ലാത്ത കാലം…