(എം എൻ ഗോവിന്ദൻ നായരുടെ ആത്മകഥയായ ‘എമ്മെന്റെ ആത്മകഥ’ യിലെ വീണ്ടും അല്പം രാഷ്ട്രീയം എന്ന അധ്യായത്തിലെ ഒരു രസകരമായ ഭാഗം)
അച്ഛൻ വാങ്ങിത്തന്ന ചർക്കയിൽ ചിലപ്പോഴൊക്കെ നൂല് നൂൽക്കാൻ ശ്രമിച്ചിട്ടുണ്ട്. വലിയ വിജയം ഒന്നും ഉണ്ടായിട്ടില്ല ചർക്കയുടെ കൂട്ടത്തിൽ ചില പാട്ടുപുസ്തകങ്ങൾ വാങ്ങിത്തന്നതായി പറഞ്ഞല്ലോ. അതിൽ എനിക്ക് താല്പര്യം തോന്നി. ഗാന്ധിജിയുടെ ജീവിതചരിത്രം ആയിരുന്നു പാട്ടുപുസ്തകത്തിലെ കഥാവസ്തു. മറ്റ് പാട്ടുകളും ഉണ്ടായിരുന്നു. കുറേ ദിവസം കൊണ്ട് ആ പാട്ടുകൾ പഠിച്ചു. ഞാൻ പാടാൻ തുടങ്ങി. എപ്പോഴും പാട്ട് അങ്ങനെ വച്ച് കീറും. കുറെ ദിവസം ആയപ്പോൾ അച്ഛൻ സഹികെട്ടു.
ഒരു ദിവസം അച്ഛൻ എന്നെ അരികിൽ വിളിച്ച് ഒരു സാരോപദേശം: പാട്ടുപാടാനും കവിതയെഴുതാനും ജന്മസിദ്ധമായ വാസന ഉണ്ടാവണം. ഇല്ലാത്തവർക്ക് അത് പറ്റുകയില്ല കുറെ ദിവസമായി ഞാൻ നിന്റെ പാട്ട് കേൾക്കുന്നു. നിനക്ക് പാടാൻ വാസനയില്ല അവിടെ നിർത്തിയില്ല. നിന്റെ പാട്ടു കേൾക്കുന്നത് കേൾക്കുന്നവർക്ക് വലിയ അസഹ്യമാണ് നിനക്കത് മനസ്സിലാവുകയില്ല. എനിക്ക് മനസ്സിലായത് ഇരുന്നിടത്തുനിന്നും ഞാൻ പാതാളത്തിലേക്ക് താഴ്ന്നു എന്നാണ്. അതുകൊണ്ട് നീ ഇനിയും പാടാൻ ശ്രമിക്കരുത് അത് ഒരു ആജ്ഞയായിരുന്നു അന്നു നിർത്തി ഞാൻ പാട്ട്. പിന്നെ പാടിയത് അത് ഞാൻ പിന്നെ പറയാം…