“എതിർ സ്ഥാനാർത്ഥിയെ വിമർശിക്കാൻ ഞാൻ ആളല്ല, അതെല്ലാം വോട്ട് ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങൾ പരിശോധിക്കട്ടെ!
നമുക്ക് മറ്റു വിഷയങ്ങളിലേക്ക് കടക്കാം, ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും അത് പോലെ തന്നെ മനുഷ്യന്റെ ജീവൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി കാര്യങ്ങൾ, താങ്കൾ അതെല്ലാം ചോദിക്കൂ!”
പതിനഞ്ച് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പി യെ ക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകനോടായിരുന്നു തന്റെ സ്വത സിദ്ധമായ ശൈലിയിലുള്ള പന്ന്യൻ രവീന്ദ്രന്റെ മറുപടി. ഇടതുപക്ഷ ലാളിത്യത്തിന്റെ മകുടോദാഹരണവും കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവുമായ പന്ന്യൻ രവീന്ദ്രൻ തലസ്ഥാന നഗരിയിൽ വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ പ്രതിനിധി എന്ന നിലയിൽ തികഞ്ഞ ആത്മ വിശ്വാസത്തോടെ പ്രചരണത്തിന്നിറങ്ങുമ്പോൾ ഇടത് കേന്ദ്രങ്ങൾ ഒന്നടങ്കം ആവേശത്തിലാണ്.
എം എൻ ഗോവിന്ദൻ നായരെയും പികെവിയേയും കെ വി സുരേന്ദ്രനാഥിനെയും മുൻപ് പാർലമെന്റിലെത്തിച്ച മണ്ണിൽ ഇക്കുറി പന്ന്യനിലൂടെയുള്ള ഇടത് തേരോട്ടം അവർ ഉറപ്പിച്ചു കഴിഞ്ഞു. പി കെ വി യുടെ നിര്യാണത്തെ തുടർന്ന് 2005 ൽ നടന്ന ഉപ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പന്ന്യൻ രവീന്ദ്രൻ പാർലമെന്റിലെത്തുന്നത്. 2004 ൽ പി കെ വാസുദേവൻ നായർ വി എസ് ശിവകുമാറിനെതിരെ നേടിയ 54603 വോട്ടുകളുടെ ഭൂരിപക്ഷവും മറികടന്ന് 74211വോട്ടുകൾക്കാണ് അന്ന് പന്ന്യൻ കന്നി ജയം കുറിച്ചത്.
വി എസ് ശിവകുമാർ തന്നെയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. കറ പുരളാത്ത വ്യക്തിത്വത്തിന്നുടമയായ സഖാവ് പന്ന്യൻ കമ്മ്യൂണിസം ഒരു ജീവിത ശൈലിയാണെന്ന് തന്റെ പ്രായോഗിക ജീവിതത്തിലൂടെ വരച്ചു കാട്ടുന്നു. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സഖാവിന്റെ ജീവിതം പ്രാഥമിക വിദ്യാഭ്യാസ കാലം മുതൽ തന്നെ പകരം വെക്കാനില്ലാത്ത അനുഭവ തീക്ഷ്‍ണതകളുടേതായിരുന്നു. ബാങ്ക് ദേശ സാത്കരണം അവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിക്കുമ്പോൾ 18 വയസ്സായിരുന്നു പ്രായം. തുടർന്നും നിരവധിയായ സമരങ്ങൾക്ക് നേതൃത്വം നൽകി ഭീകരമായ മർദ്ദന മുറകൾക്ക് ഇരയാവുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയായ പന്ന്യൻ 1979 മുതൽ 1982 വരെ എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ടും 1982-86 കാലയളവിൽ സി പി ഐ കണ്ണൂർ ജില്ല സെക്രട്ടറിയും 1996 മുതൽ ഒൻപത് വർഷം പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സാഹിത്യത്തേയും സ്പോർട്സിനെയും ഒരു പാട് സ്നേഹിക്കുന്ന പന്ന്യൻ രവീന്ദ്രൻ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.