ജീവിതത്തേ മനോഹരമാക്കുന്ന നിരവധി വികാരങ്ങളിൽ ഒന്നാണ് പ്രണയം. എല്ലാം മനസ്സിലാക്കാൻ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ ഒപ്പമുണ്ടെന്ന തോന്നൽ അതെന്നും പ്രണയത്തിന്റെ കെട്ടുറപ്പിന് ശക്തിപകരുന്നു. പ്രണയം പിടിച്ചു വാങ്ങാനാവുന്ന ഒന്നല്ല. പ്രണയം എക്കാലവും വിജയമാവും എന്ന തോന്നൽ തെറ്റാണ്. അങ്ങനെ പിരിയാനും നിരാകരിക്കാനും ഏതൊരാൾക്കും അവകാശമുണ്ട്. പങ്കാളികളിൽ ഒരാൾക്കോ അല്ലെങ്കിൽ രണ്ടു പേർക്കുമോ വേദന നൽകുന്ന ഒന്നായിരിക്കും പ്രണയം. ഇത്തരം സാഹചര്യത്തിൽ സമയമെടുത്ത് ആശ്വാസം കണ്ടെത്തുകയാണ് വേണ്ടത്. എന്നാൽ പലപ്പോഴും വൈകാരികരമായ പ്രതികരണങ്ങളാണ് ചിലർ നടത്തുക. ഇതിന്റെ ഫലമായി ജീവൻ പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നു. അങ്ങനെ കേരളത്തെ കണ്ണീരിലാഴ്തിയ പ്രണയപകയുടെ ഓർമ്മപ്പെടുത്തലുകൾ.
മാനസ
കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാർഥിയായിരുന്ന മാനസയെ രഖിൽ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. സൗഹൃദം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം രഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയും ചെയ്തു.
സംഭവത്തിൽ രഖിലിന് തോക്ക് ലഭിച്ചതിനെക്കുറിച്ചും അത് നൽകിയവരെക്കുറിച്ചും വിശദമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ബിഹാറിൽനിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചു. തോക്ക് നൽകിയ ബിഹാർ സ്വദേശിയും രഖിലിന്റെ സുഹൃത്തും കേസിൽ പ്രതികളായി.
നിഥിന
പാലാ സെന്റ് തോമസ് കോളേജിൽവെച്ചാണ് തലയോറപ്പറമ്പ് സ്വദേശിനി നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ നിഥിനയെ പരീക്ഷയ്ക്കായി കോളേജിൽ വന്നപ്പോഴാണ് സഹപാഠിയായ അഭിഷേകിന്റെ കൊലക്കത്തിക്കിരയായത്. പേപ്പർ കട്ടർ ഉപയോഗിച്ച് കോളേജ് ക്യാമ്പസിനുള്ളിൽവെച്ചാണ് അഭിഷേക് നിഥിനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ അഭിഷേകിനെ പോലീസ് കൈയോടെ പിടികൂടി.
ദൃശ്യ
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് പെരിന്തൽമണ്ണ ഏലംകുളം സ്വദേശി ദൃശ്യയുടെയും ജീവൻ പൊലിഞ്ഞത്. പ്ലസ്ടുവിൽ ദൃശ്യയ്ക്കൊപ്പം സ്‌കൂളിൽ പഠിച്ചിരുന്ന വിനീഷായിരുന്നു കൊടുംക്രൂരതയ്ക്ക് പിന്നിൽ. പ്രണയാഭ്യർഥനയുമായി ഇയാൾ പലതവണ ദൃശ്യയെ ശല്യംചെയ്തിരുന്നു. ശല്യം തുടർന്നപ്പോൾ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഇരുവീട്ടുകാരെയും വിളിപ്പിച്ച് യുവാവിനെ താക്കീത് നൽകി വിട്ടയച്ചു. ഈ സംഭവത്തിന് പിന്നാലെയായിരുന്നു വിനീഷിന്റെ പ്രതികാര കൊലപാതകം.
കൃത്യം നടത്തിയതിന്റെ തലേദിവസം ദൃശ്യയുടെ അച്ഛന്റെ വ്യാപാരസ്ഥാപനം വിനീഷ് തീയിട്ട് നശിപ്പിച്ചിരുന്നു. പെരിന്തൽമണ്ണ ടൗണിലെ വ്യാപാരസ്ഥാപനമാണ് അർധരാത്രിയിൽ അഗ്‌നിക്കിരയാക്കിയത്. ശേഷം ദൃശ്യയുടെ വീടിന് സമീപമെത്തി ഒളിച്ചിരുന്ന പ്രതി, രാവിലെ അവസരം കിട്ടിയപ്പോൾ വീടിനകത്തുകയറി. തുടർന്ന് ദൃശ്യയുടെ മുറിയിലെത്തി പെൺകുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. ദൃശ്യയുടെ സഹോദരിക്കും ആക്രമണത്തിൽ പരിക്കേറ്റു.
സൂര്യഗായത്രി
തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടിൽവെച്ച് സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺ മുൻവൈരാഗ്യത്തെ തുടർന്നാണ് സൂര്യയെ കൊലപ്പെടുത്തിയത്. നേരത്തെ അരുണും സൂര്യയും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേറെ വിവാഹിതരായി. അടുത്തിടെ സൂര്യഗായത്രി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്.
സൂര്യയുടെ ശാരീരികവൈകല്യമുള്ള മാതാപിതാക്കൾക്കും അരുണിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം സമീപത്തെ വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തിയിരുന്ന സൂര്യയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അരുണിന്റെ കൊടുംക്രൂരതയിൽ ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്.
കൃഷ്ണപ്രിയ
സൗഹൃദം നിരസിച്ചതിന്റെ പേരിലാണ് കോഴിക്കോട് തിക്കോടിയിലെ കൃഷ്ണപ്രിയയ്ക്കും ജീവൻ നഷ്ടമായത്. തിക്കോടി സ്വദേശിയായ നന്ദകുമാറാണ് കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. കൃത്യം നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദകുമാറും പിന്നീട് മരിച്ചു.
തിക്കോടി പഞ്ചായത്തിൽ താത്കാലിക ജീവനക്കാരിയായിരുന്നു എം.സി.എ ബിരുദധാരിയായ കൃഷ്ണപ്രിയ. ജോലി ലഭിച്ച് അഞ്ചാംദിവസമായിരുന്നു ക്രൂരമായ കൊലപാതകം. രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ പ്രതി തടഞ്ഞുനിർത്തുകയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയുമായിരുന്നു.
ഷാരോൺ
പ്രണയം ഒഴിവാക്കാനായ കാമുകനു വിഷം നൽകി കൊന്ന ഗ്രീഷ്മയെ സാംസ്കാരിക കേരളം ഇന്നും ഓർക്കുന്നുണ്ടാവും. നെയ്യാറ്റിൻകര ഷാരോൺ രാജ് വധത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കാമുകി ഗ്രീഷ്മയുടെ ക്രൂരതകൾ വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടുകാരനായ സൈനികൻറെ വിവാഹാലോചന വന്നതോടെ ഒന്നര വർഷം പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തത്. ജാതിവ്യത്യാസവും ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം വരെ ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോൺ പ്രണയം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. ഇതോടെ 2021 ജനുവരി അവസാനം മുതലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അഞ്ച് തവണ വധശ്രമം നടത്തി. പിന്നീടാണ് ജ്യൂസ് ചലഞ്ചെന്ന പേരിൽ കളനാശിനി കലർത്തി നൽകുകയായിരുന്നു.
ജീവിതം മനോഹരമാക്കുന്ന വികാരങ്ങളിലൊന്നാണു പ്രണയം. എല്ലാം മനസ്സിലാക്കാൻ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ ഒപ്പമുണ്ടെന്ന തോന്നൽ. പ്രണയം പിടിച്ചു വാങ്ങാനാവുന്ന ഒന്നല്ല. പ്രണയം നിരാകരിക്കപ്പെടാം, ബന്ധത്തിന് ബ്രേക്കപ്പ് സംഭവിക്കാം. കാരണം എന്തുമാകാം. അങ്ങനെ പിരിയാനും നിരാകരിക്കാനും ഏതൊരാൾക്കും അവകാശമുണ്ട്. പങ്കാളികളിൽ ഒരാൾക്കോ അല്ലെങ്കിൽ രണ്ടു പേർക്കുമോ ചിലപ്പോൾ കഠിനമായ വേദന ഇതു നൽകും. ഇത്തരം സാഹചര്യത്തിൽ സമയമെടുത്ത് ആശ്വാസം കണ്ടെത്തുകയാണ് വേണ്ടത്. എന്നാൽ പലപ്പോഴും വൈകാരികരമായ പ്രതികരണങ്ങളാണ് ചിലർ നടത്തുക. ഇതിന്റെ ഫലമായി ജീവൻ പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നു.
പ്രണയം നിരാകരിച്ചതിന്റെ പേരിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട വാർത്ത കൃത്യമായി ആവർത്തിക്കുന്നുണ്ട്. ആസിഡ് ആക്രമണം, തീ കൊളുത്തൽ, വെട്ടിയും കുത്തിയും കൊലപ്പെടുത്തൽ തുടങ്ങി എത്രയോ ക്രൂരമായാണു പ്രതികാരം നടപ്പിലാക്കുന്നത്. ഇനിയെങ്കിലും ഇതിനൊരു മാറ്റം അനിവാര്യമാണ്.