നവ്യ നായരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. വികെ പ്രകാശിന്റെ ഒരുത്തി മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വയനാടുകാരിയായ സൗമ്യയുടെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവമാണ് വികെപിയുടെ സിനിമയായി മാറിയിരിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സൗമ്യയുടെ ജീവിതത്തിലെ മറക്കാനാവാത്ത ആ സംഭവം നടക്കുന്നത്. കളളനും പൊലീസും കളി സിനിമയില്‍ മാത്രം കണ്ടു ശീലിച്ച സൗമ്യയ്ക്ക് സ്വന്തം ജീവിതത്തിലെ കളളന്‍മാരെ പിടികൂടാന്‍ സ്വയം പൊലീസ് ആകേണ്ടി വന്നു.
ആ ദിനത്തെ പറ്റി…
എന്നെത്തും പോലെ ഒരു സാധാരണ ദിവസമായിരുന്നു സൗമ്യയ്ക്ക് അന്നും. വര്‍ഷങ്ങളായി ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന സ്ഥിരം വഴി. കണ്ണ് കെട്ടി വണ്ടി ഓടിച്ചാലും കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന ധൈര്യം. പക്ഷേ, ഇതിനെല്ലാം വിപരീതമായിരുന്നു ആ ദിനം. ഒരു കല്ല്യണവും കൂടി വൈകുന്നേരം വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു പിന്‍തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ട് കളളന്‍മാര്‍ തന്റെ മാല പൊട്ടിച്ചത്. വീട്ടിലെ ആകെയുളള സ്വര്‍ണ്ണ സമ്പാദ്യമാണ്. ഇട്ടോണ്ടു പോകണ്ട എന്ന് നൂറു വട്ടം അമ്മ പറഞ്ഞുതാണ്. അതൊന്നും കേള്‍ക്കാതെയാണ് തന്റെ ഇഷ്ട പ്രകാരം മാല ഇട്ടത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന നിമിഷം. അധികം ഒന്നും ആലോചിക്കാന്‍ നിന്നില്ല. അവരെ പിന്തുടരാന്‍ നോക്കി. സ്‌കൂട്ടിയില്‍ ഇരുന്ന് ‘കളളന്‍ കളളന്‍’ എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും ആരും കേള്‍ക്കുന്നില്ല. മാല തിരിച്ച് കിട്ടാതെ വീട്ടിലേക്ക് ഇല്ലായെന്ന വാശിയും അവരെ എങ്ങനെയും പിടികൂടണമെന്ന തീരുമാനവുമാണ് വിജയത്തിലേക്ക് നയിച്ചത്. കളളന്‍മാരുടെ പിന്നാലെ പോയി, അവസാനം എന്റെ വണ്ടി അവരുടെ ബൈക്കിൽ ഇടിച്ചു. ശബ്ദം കേട്ട് നാട്ടുക്കാരെല്ലാം ഓടി കൂടി. ഒടുവില്‍, അവരും പൊലീസും ഇടപ്പെട്ട് എനിക്ക് എന്റെ മാല തിരികെ കിട്ടി.
സിനിമയിലേക്ക്…
സംഭവം പത്രത്തിലും മറ്റും വാര്‍ത്തയായിരുന്നു. അതിന് ശേഷം തിരക്കഥാകൃത്ത് സുരേഷ് ബാബു സൗമ്യയെ വിളിച്ചു. സിനിമയ്ക്കുള്ള കഥാതന്തു ഉറങ്ങിക്കിടക്കുന്നുെണ്ടന്ന് ആദ്യം തിരച്ചറിഞ്ഞത് തിരക്കഥാകൃത്ത് സുരേഷ് ബാബു ആണ്. അങ്ങനെയാണ് ഒരുത്തിയിലേക്ക് ഈ കഥ എത്തുന്നത്.
പ്രതിസന്ധികളുടെ സമയത്താണ് പെണ്ണിന്റെ എല്ലാ കരുത്തും അവളില്‍ നിറയുക. പ്രതിസന്ധികളില്‍ സ്വയം ഉയരാനുള്ള സ്ത്രീകളുടെ കഴിവ് തന്നെയായിരിക്കും അവരുടെ ഏറ്റവും വലിയ ശക്തി.അതിനുളള ഉത്തമ ഉദാഹരണമാണ് സൗമ്യ.