തെലങ്കാന വീണ്ടുമൊരു ഐതിഹാസിക ഭൂസമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. വാറങ്കല്ലിൽ സർക്കാരിന്റെ ജനവിരുദ്ധ ഭൂമികയ്യേറ്റത്തിന് എതിരെ സിപിഐയുടെ നേതൃത്വത്തിൽ ശക്തമായ സമരമാണ് നടക്കുന്നത്.
ഭൂസമരത്തിന് നേതൃത്വം നൽകുന്ന സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തും സമര സഖാക്കൾക്ക് നേരെ പൊലീസ് മർദ്ദനം അഴിച്ചുവിട്ടും പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് കെസിആർ സർക്കാർ. എന്നാൽ പഴയ തെലങ്കാന സമരങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കൊടിക്ക് കീഴിൽ എഴുന്നേറ്റ് നിന്ന് പ്രതിരോധം തീർക്കുകയാണ് വറങ്കല്ലിലെ പൊരുതുന്ന ജനത.
എന്തിനാണ് സമരം?
27 ഗ്രാമങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കാനുള്ള കാക്കതീയ അർബൻ ഡെവല്‌മെന്റ് അതോറിറ്റിയുടെ ശ്രമങ്ങൾക്ക് എതിരെയാണ് കർഷകരും ആദിവാസികളും അടങ്ങിയ ഗ്രാമവാസികൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ അണിനിരന്നിരിക്കുന്നത്. സമരം ശക്തമായതോടെ, താത്ക്കാലികമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവച്ചിരിക്കുകയാണ് സർക്കാർ. എന്നാൽ താത്ക്കാലികമായ വിജയം കൊണ്ട് പിന്നോട്ടില്ലെന്ന നിലപാടിലാണ് പാർട്ടി.
വികസന പ്രവർത്തനങ്ങളുടെ മറവിൽ ഗ്രാമവാസികളുടെ ഭൂമി ഏറ്റെടുത്ത് റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് നൽകുകയാണ് സർക്കാർ എന്നാണ് സമര സമിതി ആരോപിക്കുന്നത്. സർക്കാരിന്റെ ഏത് നീക്കവും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് സമരസമിതി.
വാറങ്കൽ വെസ്റ്റ്, വാറങ്കൽ ഈസ്റ്റ്, പാർക്കൽ, വർധനപ്പെട്ട്, ഘൻപൂർ മണ്ഡലങ്ങളിലെ 21,510 ഏക്കർ സ്ഥലം കാക്കതീയ അർബൻ ഡെവല്‌മെന്റ് അതോറിറ്റിക്ക് വേണ്ടി ഒഴിപ്പിക്കാനാണ് സർക്കാർ നീക്കം.ഈ പ്രദേശത്ത് വമ്പൻ വികനസ പദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നത് എന്നും സർക്കാർ വാദിക്കുന്നു. എന്നാൽ ജനിച്ചു വളർന്ന മണ്ണിൽ നിന്ന് മരിച്ചു വീഴും വരെ കുടിയിറങ്ങില്ല എന്ന വാശിയിലാണ് ഗ്രാമവാസികൾ.
സമരത്തിൽ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വത്തെ രണ്ടുതവണയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എത്രതവണ അറസ്റ്റ് ചെയ്താലും സമരസഖാക്കളെ കാണാതെ പോകില്ലെന്ന് ബിനോയ് വിശ്വം പ്രഖ്യാപിച്ചു. സിപിഐ ദേശീയ സെക്രട്ടറി കെ നാരായണയ്ക്ക് നേരിടേണ്ടിവന്നത് കൊടിയ മർദ്ദനമാണ്. ഭൂമാഫിയക്ക് വേണ്ടിയാണ് കെസിആറിന്റെ പൊലീസ് പ്രവർത്തിക്കുന്നതെന്ന് തുറന്നടിക്കുന്നു സിപിഐ.
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക്, പ്രത്യേകിച്ച് സിപിഐയ്ക്ക് കരുത്തുറ്റ കേഡർ സംവിധാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. എന്നാൽ പൊതു തെരഞ്ഞെടുപ്പുകളിൽ ഏറ്റ തോൽവി പാർട്ടിക്ക് ക്ഷീണമേൽപ്പിച്ചു എന്നത് വസ്തുതയാണ്. പഴയ പോരാട്ട വീര്യം വീണ്ടെടുത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ സിപിഐ തീരുമാനിച്ചിടത്ത് തെലങ്കാനയിൽ പുതിയ മുന്നേറ്റം സാധ്യമായിരിക്കുകയാണ്.
സംസ്ഥാനത്ത് സിപിഐയെ ഒഴിച്ചുനിർത്താൻ കഴിയാത്ത സാന്നിധ്യമാണെന്ന് കെസിആറിനും ബോധ്യമുണ്ട്. അതിനാൽ പുതിയ തെരഞ്ഞെടുപ്പ് ഫോർമുലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഒപ്പം നിർത്താൻ ടിആർഎസ് ശ്രമിക്കുന്നുണ്ട്. സിപിഐ,സിപിഎം ജനറൽ സെക്രട്ടറിമാരുമായും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കെസിആർ ചർച്ച നടത്തിയിരുന്നു. എന്നാൽ വാറങ്കൽ ഭൂസരമം പാതിവഴി ഉപേക്ഷിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.