വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങളുടെ തീവ്ര ഭാവം കേരളം കണ്ടറിഞ്ഞ നാളുകളിൽ പൊലീസ് മർദ്ദനങ്ങളെയും ഭരണ കൂട ഭീകരതകളെയും അതി ജീവിച്ചു കൊണ്ട് സമാനതകളില്ലാത്ത സമരത്തിന്റെയും, സഹനത്തിന്റെയും ചരിത്രമെഴുതി കേരളത്തിന്റെ തെരുവോരങ്ങളിൽ നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കിയ ക്ഷുഭിത യൗവനം. ജനാധിപത്യ അവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള അധികാര സംഘമാക്കി പോലീസിനെ ദുരുപയോഗം ചെയ്ത് കൊണ്ട് ജന വിരുദ്ധ സർക്കാർ വിദ്യാർത്ഥി യുവ ജന സമരങ്ങളെ കേരളത്തിലാകമാനം ചോരയിൽ മുക്കിയപ്പോൾ ഭരണ കൂട ഭീകരതക്ക് മുന്നിൽ പകച്ചു നിൽക്കാതെ പൊരുതിയ പോരാട്ട വീര്യം!
അതെ, വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങളിലൂടെ പൊതു രംഗത്ത് ഉയർന്നു വന്ന യുവത്വത്തിന്റെ കരുത്തുറ്റ ശബ്ദമാണ് സി എ അരുൺകുമാർ. വിദ്യാർത്ഥിയായിരിക്കെ തന്നെ പൊതു രംഗത്ത് സജീവ സാന്നിധ്യമായ സി എ അരുൺകുമാർ എ ഐ എസ് എഫ് ആലപ്പുഴ ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജനങ്ങൾക്കൊപ്പം നിന്ന് അവരിൽ ഒരാളായി പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്ന ജനകീയ മുഖമാണ് അരുൺ കുമാറിന്റേത്.
സമരങ്ങൾക്ക് നേതൃത്വം നൽകി പോലീസ് മർദനമേൽക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സി പി ഐ ആലപ്പുഴ ജില്ല എക്സിക്യൂട്ടിവ് അംഗം, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇടത് മുന്നണിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് മാവേലിക്കര മണ്ഡലത്തിൽ നില നിൽക്കുന്നത്. സിറ്റിംഗ് എം പി യുടേതായി പറയാൻ കഴിയുന്ന ഒരു പദ്ധതി പോലും മണ്ഡലത്തിലില്ലെന്നതാണ് യാഥാർത്ഥ്യം.
മണ്ഡലം നേരിടുന്ന കുടിവെള്ള പ്രശ്നത്തിലും റെയിൽവേ വിഷയത്തിലും തീർത്തും നിഷേധാത്മക സമീപനമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെതെന്ന അഭിപ്രായം നിഷ്പക്ഷ വോട്ടർമാർക്കിടയിലുണ്ട്. എം പി യുടെ കെടു കാര്യസ്ഥതക്കും വികസന മുരടിപ്പിന്നുമെതിരെ ജനങ്ങൾക്കിടയിൽ നില നിൽക്കുന്ന പൊതു വികാരം അരുൺ കുമാറിന്റെ വിജയം സുനിശ്ചിതമാക്കുന്നു എന്നാണ് മണ്ഡലത്തിലെ വോട്ടർമാർ ഒന്നടങ്കം പറയുന്നത്.