മുതലാളിത്തത്തിന്നെതിരായ സമരത്തിന് അനുപൂരകമാം വിധമുള്ള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക സാഹചര്യങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള വിപ്ലവാഹ്വാനമായിരുന്നു 1886 മെയ് 1 ന് ചിക്കാഗോയിലെ തെരുവുകളിൽ മുഴങ്ങിയത്.വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി ഉയർന്നുവന്ന കുത്തക മുതലാളി വർഗ്ഗത്തിന്റെ തൊഴിലാളി വിരുദ്ധതക്കെതിരെയുള്ള ലോക തൊഴിലാളി വർഗ്ഗത്തിന്റെ സമാനതകളില്ലാത്ത ചെറുത്തു നിൽപ്പിന്റെ ഓർമ്മ!
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തൊഴിൽ നിയമങ്ങളാകമാനം കോർപറേറ്റ് മൂലധന ശക്തികൾക്ക് അനുകൂലമായി പൊളിച്ചെഴുതാനുള്ള ഗൂഢ ശ്രമങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്.ഇന്ത്യൻ തൊഴിലാളി വർഗ്ഗം ത്യാഗ്വോജ്ജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ നിർമ്മാർജനം ചെയ്ത് കൊണ്ട് 1991 മുതലാരംഭിച്ച
ആഗോളവൽക്കരണ- ഉദാരവൽക്കരണ നയങ്ങൾ പൊതുമേഖലാ സ്വകാര്യവൽക്കരണത്തെയും തൊഴിലാളി വിരുദ്ധ നയങ്ങളെയും ശക്തിപ്പെടുത്തുകയും അധ്വാനിക്കുന്ന ജന വിഭാഗങ്ങളുടെ മേൽ പ്രതിസന്ധികളുടെ ഭാരങ്ങൾ അടിച്ചേല്പിച്ചുള്ള നവലിബറൽ നയങ്ങളെ അതി തീവ്രമാക്കി മാറ്റുകയും ചെയ്തു.
1962 ലെ ട്രേഡ് യൂണിയൻ ആക്ട് തൊഴിലാളി വർഗ്ഗത്തിന് നൽകിയ സംഘടിക്കാനുള്ള അവകാശങ്ങളെയടക്കം ഉന്മൂലനം ചെയ്ത് കൊണ്ട് തീവ്ര വർഗീയതയുടെ പ്രത്യയശാസ്ത്ര അടിത്തറയും മുതലാളിത്ത അനുകൂല കോർ പറേറ്റ് വ്യവസ്ഥകളും സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ അന്തരീക്ഷത്തിൽ തൊഴിലാളി വിരുദ്ധതക്കും ആഗോള വത്കരണ നയങ്ങൾക്കുമെതിരിലുള്ള പോരാട്ടങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നു.തൊഴിലാളി വർഗ്ഗത്തിന്റെ ശരിയായ രാഷ്ട്രീയമുയർത്തിപ്പിടിച്ചു കൊണ്ടാണ് അത്തരത്തിലുള്ള പോരാട്ടങ്ങൾ നാം ശക്തിപ്പെടുത്തേണ്ടത്.
ഏവർക്കും മെയ് ദിനാശംസകൾ!