Thursday, November 21, 2024
spot_imgspot_img
HomeOpinionഗാസയ്ക്കായി വിദ്യാർത്ഥി ലോകം

ഗാസയ്ക്കായി വിദ്യാർത്ഥി ലോകം

അതുൽ നന്ദൻ

ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്നും ഭരണകൂടത്തിന്റെ ശക്തിയെക്കാൾ വലുത് പൗര സമൂഹത്തിന്റെ ശക്തിയാണെന്നും തെളിയിക്കപ്പെട്ട ഒട്ടനവധി സംഭവങ്ങൾക്ക് ലോക ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട് അത്തരം സാഹചര്യങ്ങൾക്ക് സമാനമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയിലെ മുൻനിര സർവകലാശാലകളിൽ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കത്തിപ്പടർന്ന വിദ്യാർത്ഥി പ്രക്ഷോഭം. ഗാസായുദ്ധത്തിന് ഇസ്രായേലിന് പിന്തുണയും സഹായവും നൽകുന്ന വിധത്തിൽ ആയുധം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ സർവകലാശാലകളിലെ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭം ലോകത്താകമാനം വ്യാപിക്കുകയാണ്. വിവിധ സർവകലാശാലകളിലായി 550ലേറെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഹവാർഡ്, കൊളംബിയ,യേൽ, യു. സി ബെർക്കിലി എന്നീ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ അറസ്റ്റ് വരിക്കാൻ മടിയില്ലെന്നും തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അറിയിക്കുന്നു.

ഗസക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലുമായി സൈനിക ബന്ധമുള്ള കമ്പനികളുമായുള്ള അക്കാദമിക ബന്ധം ഉപേക്ഷിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ആളിപ്പടർന്ന സമര ജ്വാല ഉപമിക്കപ്പെടുന്നത് 1968ൽ വിയറ്റ്നാം യുദ്ധകാലത്തുണ്ടായ യുദ്ധ വിരുദ്ധ സമര പ്രക്ഷോഭത്തോടാണ്. അധികാര വ്യവസ്ഥിതിയോടും യുദ്ധങ്ങളോടുമുള്ള അന്നത്തെ വിദ്യാർത്ഥികളുടെ രോഷമായിരുന്നു വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സനെതിരെ ആഞ്ഞടിച്ചത് . 1968ൽ തന്നെ ഫ്രാൻസിലും സമാനമായി ബാരിക്കേഡ് സമരങ്ങൾ നടന്നിരുന്നു. വിയറ്റ്നാമിൽ ഉപയോഗിക്കേണ്ട ആയുധങ്ങൾ സംബന്ധിച്ച് അമേരിക്ക നടത്തിയ രഹസ്യ ഗവേഷണം അവസാനിപ്പിക്കാനും വിദ്യാർത്ഥികൾക്കിടയിൽ നിന്നുള്ള സൈനിക -സി ഐ എ റിക്രൂട്ട്മെന്റ് അവസാനിപ്പിക്കാനും അന്നത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് സാധിച്ചു. സ്റ്റുഡൻസ് ഫോർ എ ഡെമോക്രാറ്റിക് സൊസൈറ്റി, സൊസൈറ്റി ഓഫ് അഫ്രോ -അമേരിക്കൻ സ്റ്റുഡൻസ് എന്നീ കൂട്ടായ്മകളാണ് അന്ന് പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത്.

1968ലെ പൗരാവകാശ പ്രക്ഷോഭത്തിന്റെയും വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെയും പ്രധാന സമരകേന്ദ്രങ്ങളായിരുന്ന കൊളംബിയ സർവകലാശാലയിലെ ഹാമിൾട്ടൺ ഹാളിൽ നിന്ന് തന്നെയാണ് ഇസ്രായലിന്റെ യുദ്ധകൊതിക്കെതിരെയുള്ള പ്രക്ഷോഭം ആരംഭിച്ചതും. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളെ അനുസ്മരിപ്പിക്കും വിധം ടെന്റുകൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിൽ കുടിൽകെട്ടി സമരം ചെയ്ത നൂറോളം പേരെ പോലീസ് ബലം പ്രയോഗിച്ചു നീക്കിയിരുന്നു. കൊളറാഡോയിൽ ഡെൻവറേസ് ഒറേറിയ ക്യാംപസിൽ 40 വിദ്യാർത്ഥികളും ഇൻഡ്യാന യൂണിവേഴ്‌സിറ്റിയിൽ 34 വിദ്യാർത്ഥികളും അറസ്റ്റിലായിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മേയ് 10 ന് നടത്താനിരുന്ന ബിരുദദാന ചടങ്ങ് യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കലിഫോർണിയ റദ്ദാക്കിയിരുന്നു. ഇവിടെ 90 വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂനിവേഴ്സിറ്റി, ഫീനിക്സിലെ അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, ഇൻഡ്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടൺ, സെൻറ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രതിഷേധിച്ച 275 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഗ്രീൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥി ജിൽ സ്റ്റെയ്‌നും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മിസോറിയിലെ വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥി പ്രതിഷേധത്തിൽ പ​ങ്കെടുത്തതിനാണ് അവർ അറസ്റ്റിലായത്. ഗാസയിലെ മനുഷ്യ കുരുതിക്കെതിരെയുള്ള പ്രതിഷേധം ആദ്യം കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച് ഇപ്പോൾ ആഗോളതലത്തിൽ വ്യാപിക്കുന്നു. തുടക്കത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് സസ്‌പെൻഷൻ നേരിട്ടത്.ഈ പ്രസ്ഥാനം വിവിധ രാജ്യങ്ങളിൽ ഈ വിയോജിപ്പ് തരംഗം തുടരുക മാത്രമല്ല, കോർണൽ യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്‌ഡം, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഇസ്രയേലിലേക്കുള്ള ആയുധവിതരണം അവസാനിപ്പിക്കണമെന്ന തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ‌

ഈ പ്രതിഷേധങ്ങൾ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് പലസ്തീനിയൻ ലക്ഷ്യത്തോടുള്ള വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ഐക്യദാർഢ്യം ഉയർത്തിക്കാട്ടുന്നു. ഇസ്രയേലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗസയിലെ യുദ്ധത്തിന് ആക്കം കൂട്ടുന്ന ആയുധങ്ങളിലുള്ള തങ്ങളുടെ നിക്ഷേപം സർവകലാശാലകൾ വെട്ടിക്കുറയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ബ്ലാക്ക് റോക്ക്, ഗൂഗിൾ, ആമസോണിന്റെ ക്ലൗഡ് സർവീസ്, ലോക്ക്ഹീഡ് മാർട്ടിൻ, എന്നീ സ്ഥാപനങ്ങളുടെ ഫണ്ടുകളാണ് കൂടുതലായും ഈ മേഖലയിൽ ഉള്ളത്.

യുകെയിൽ, വില്യം ടി. യംഗ് ലൈബ്രറിയിലും ശ്രദ്ധേയമായ ഒരു പ്രകടനം നടന്നു. അക്കാദമിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയോ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ, യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ പൊതു പ്രകടനങ്ങൾക്കുള്ള യുകെയിലെ നിയമപരമായ അവകാശത്തെ ഇത് അടിവരയിടുന്നു. വാർവിക്ക് സർവകലാശാലയിൽ, ‘വാർവിക് സ്റ്റാൻഡ്‌സ് വിത്ത് പാലസ്തീൻ’ എന്ന ബാനറിന് കീഴിലുള്ള വിദ്യാർത്ഥികളും ജീവനക്കാരും ധീരമായ നിലപാട് സ്വീകരിച്ചു. ഗാസയിലെ ഇസ്രായേലി സൈനിക ഇടപാടുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാൻ സർവകലാശാലയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.

യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (UCL) വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. എന്നാൽ അമേരിക്കൻ ഭരണകൂടം നിഷ്കരുണം വിദ്യാർത്ഥി സമരങ്ങളെ അടിച്ചർത്താനുള്ള ശ്രമത്തിലാണ്. പ്രസിഡന്റ് ബൈഡൻ ഈ സമരങ്ങളെ ആന്റി സെമറ്റിക്കായി ചിത്രീകരിക്കുന്നു. ക്യാമ്പസുകളിൽ നടക്കുന്നത് നഗ്നമായ ജൂത വേട്ടയാടലുകളാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. അതേ സമയം ക്യാമ്പസുകളിൽ പ്രക്ഷോഭങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കപെടുമ്പോൾ 17 ബില്യൺ യു എസ് ഡോളറാണ് അമേരിക്ക ഇസ്രായേലിന് സഹായം പ്രഖ്യാപിച്ചത്. അതുപോലെ തന്നെ പല രാജ്യങ്ങളും തടഞ്ഞുവച്ച UNRWA ഫണ്ട് പുനസ്ഥാപിച്ചപ്പോൾ അമേരിക്ക ഇപ്പോഴും ഐക്യരാഷ്ട്ര സഭയ്ക്കുള്ള ഫണ്ട് നൽകിയിട്ടില്ല. വിദ്യാർത്ഥി സമരങ്ങൾ ആഹ്വാനം ചെയ്യപ്പെടുന്നതും കത്തിപ്പടരുന്നതും tiktok എന്ന ആപ്പിലൂടെ ആയതിനാൽ അത് നിരോധിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതേ കാലയളവിൽ തന്നെയാണ് ആന്റി സെമറ്റിസം ബോധവൽക്കരണ ബിൽ യു. എസ് ജനപ്രതിനിധി സഭ പാസാക്കിയതും.

ഗാസയിലെയും പലസ്തീനിലെയും ജനത സയണിസ്റ്റ് അധിനിവേശ ശക്തികളിൽ നിന്നും വംശഹത്യ ഭീഷണി നേരിട്ടുകൊണ്ടിരിക്കുമ്പോൾ
പലസ്തീനികൾക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്നും 75 വർഷമായി ഇസ്രായേൽ തുടരുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിലെ ജൂത വിദ്യാർഥികൾ ഒരു തുറന്ന കത്ത് എഴുതിയിരുന്നു ഇസ്രായേൽ ക്രൂരതയെയും ഹമാസിന്റെ അക്രമങ്ങളെയും അപലപിച്ച വിദ്യാർഥികൾ, ഹമാസ് നടത്തുന്ന അക്രമങ്ങളെ അതിന് കാരണമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് വേർപെടുത്തി കാണാൻ കഴിയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് .അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിലെ 36 ജൂത വിദ്യാർത്ഥികളാണ് തുറന്ന കത്തെഴുതിയത്. പലസ്തീനികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലയുറപ്പിക്കുമെന്ന് വ്യക്തമാക്കിയ കത്ത് ഇസ്രായേൽ ആക്രമണം ഒരു മാസം പിന്നിട്ട നവംബർ 7നാണ് പ്രസിദ്ധീകരിച്ചത്.ഇസ്രായേൽ 75 വർഷമായി പലസ്തീനികൾക്കുനേരെ അധിനിവേശം നടത്തുകയാണ്. ഭരണകൂടം പതിറ്റാണ്ടുകളായി നിരന്തരം നടത്തുന്ന അക്രമചരിത്രത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

കുട്ടികളെന്നോ സ്ത്രീകളെന്നോ ഭേദമില്ലാതെ ആയിരങ്ങളെ ഇസ്രായേൽ കൊന്നൊടുക്കുകയും 15 ലക്ഷത്തിലധികം പലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുകയും ചെയ്തതിനെ തള്ളിപ്പറയാൻ കഴിയാത്തവർ നമ്മുടെ ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുന്നതിൽ പരാജയപ്പെട്ടവരാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു .പലസ്തീനികളുടെ സ്വാതന്ത്ര്യമെന്നാൽ ജൂതന്മാരെ പുറത്താക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭൂമിയിൽ നിന്ന് ജൂതന്മാരെ ഉന്മൂലനം ചെയ്യുകയല്ല, മറിച്ച് സയണിസ്റ്ററ് ഭരണകൂടം അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയും അവരുടെ സ്വാതന്ത്ര്യവും തിരിച്ചു നൽകലാണ്. ഞങ്ങൾ ഹമാസിനെയല്ല പലസ്തീനികളെയാണ് പിന്തുണക്കുന്നത് എന്നും വിദ്യാർഥികൾ വ്യക്തമാക്കി.ഗാസയിൽ

സ്ത്രീകൾ കുട്ടികൾ വയോജനങ്ങൾ തുടങ്ങി എല്ലാവരെയും കൊന്നൊടുക്കുകയാണ് . ഒക്ടോബർ 7 മുതൽ ഇതിനോടകം തന്നെ 34000 പലസ്തീൻകാരാണ് കൊലചെയ്യപ്പെട്ടത്. ഇതിൽ ഏറിയ പങ്കും കുട്ടികളാണ് നിരവധി തലമുറകളെ ഇങ്ങനെ കൊന്നൊടുക്കിയതിനാൽ ഡസൻ കണക്കിന് കുടുംബങ്ങളാണ് പലസ്തീൻ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായത്.അടിസ്ഥാന സൗകര്യങ്ങൾ ആകെ തകർക്കുന്ന രീതിയിലാണ് ഇസ്രയേൽ അക്രമണം തുടരുന്നത് സ്കൂളുകൾ, ആശുപത്രികൾ,മോസ്ക്, ക്രിസ്ത്യൻ പള്ളികൾ തുടങ്ങി സർക്കാർ സ്ഥാപനങ്ങൾ മാധ്യമ സ്ഥാനങ്ങൾ എന്നിവ വരെ ആക്കൂട്ടത്തിൽ പെടുന്നു ഗാസയിലെ പത്ത് ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായതും കുടിയിറക്കപ്പെട്ടതും ഇതിനെല്ലാം പുറമെയാണ് ആ പ്രദേശത്ത് താമസിപ്പിച്ചിട്ടുള്ള 20 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്കുള്ള ഭക്ഷണം, മരുന്ന് ഇന്ധനം, വെള്ളം,വൈദ്യുതി എന്നിവ നിഷേധിച്ചുകൊണ്ടുള്ള ശ്വാസംമുട്ടിക്കുന്ന ഉപരോധം ഇസ്രായേൽ തുടരുന്നത്. ഇന്ത്യയെ സംബന്ധിച്ച് പശ്ചിമേഷ്യയുമായി ചരിത്രപരവും നയതന്ത്രപരമായും ബന്ധം കാത്തു സൂക്ഷിച്ചിരുന്നു എന്നാൽ സമീപ കാലയളവിൽ ഇന്ത്യൻ വിദേശ ബന്ധങ്ങളിലെ കാതലായമറ്റങ്ങൾ ഇസ്രായേൽ പലസ്തീൻ വിഷയത്തെയും ബാധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കുമുള്ളതു പോലെ പലസ്തീൻ അറബ് ജനതയുടേതാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു മഹാത്മാ​ഗാന്ധി. ലോകരാജ്യങ്ങളുടെ സഹായത്തോടെ പലസ്തീനികൾക്കുമേൽ ജൂതന്മാരെ അടിച്ചേൽപ്പിച്ച നടപടികൾ തെറ്റാണെന്നതിലും അദ്ദേഹത്തിന് രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നില്ല.സമാനചിന്താ​ഗതിക്കാരനായിരുന്നു രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവും. 1950 സെപ്റ്റംബർ 17-നാണ് ഇന്ത്യ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്നത്. രാജ്യത്തെ അം​ഗീകരിച്ചെങ്കിലും ഇന്ത്യയുടെ നിലപാട് പൊതുവിൽ പലസ്തീൻ അനുകൂലമായിരുന്നു. പിന്നീട് വന്ന ഇന്ദിരാ ഗാന്ധിയും, രാജീവ്‌ ഗാന്ധിയും അടക്കമുള്ള ഭരണാധികാരികൾ യാസർ അറഫാതുമായി ഹൃദ്യമായ ബന്ധമാണ് കാത്തുസൂക്ഷിച്ചത്.എന്നാൽ 90 കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ലോകം അമേരിക്കയുടെ ആധിപത്യമുള്ള ഏക ധ്രുവ ക്രമത്തിലേക്ക് പരിവർത്തനപ്പെട്ടതോടുകൂടി ഇസ്രായേലിനോടുള്ള പ്രത്യയശാസ്ത്രപരമായ വിയോജിപ്പിൽ നിന്ന് ഇന്ത്യ പതുക്കെ പിന്മാറി തുടങ്ങിയിരുന്നു.1990 ൽ ബി.ജെ.പി. രാജ്യത്ത് ശക്തി പ്രാപിച്ച് തുടങ്ങിയ കാലം മുതൽ ഇസ്രയേലിനോടുള്ള ഇന്ത്യൻ നയം പതുക്കെ മാറിത്തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ ഭാഗത്തുനിന്നും പലസ്തീൻ അനുകൂല നിലപാട് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.

ഇന്ത്യയിലും പലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രക്ഷോഭത്തിനു തുടക്കം കുറിച്ചിരുന്നു എന്നാൽ മാനവിക ഐക്യദാർഢ്യം എന്നതിനപ്പുറം മതപരമായ വിഭജനത്തിന്റെ കണ്ണിലൂടെ ഭരണകൂടം ആ സമരത്തെ കണ്ടതോടെ പലസ്തീനെ പിന്തുണച്ച് മാർച്ച് നടത്തിയതിന് അലിഗഡ് മുസ്ലീം സർവകലാശാലയിലെ (എഎംയു) നാല് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 155എ,188,505 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഈ വലിയ സമാധാന പ്രശ്നത്തെ കേവലം മാതാധിഷ്ഠിത പ്രശ്നമാക്കി മാറ്റുന്നു എന്നതിന് ഉദാഹരണമാണ് അലിഗഡ്‌ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ എതിർക്കാനും പ്രതിരോധിക്കാനും ശ്രമിച്ച ബജ് രംഗ് ദൾ പ്രവർത്തകരുടെ നടപടികൾ.

1970 -ൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ്‌ നേതാവ് മാഡം ബിൻ ബോംബെ സന്ദർശിച്ച വേളയിലും സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ്‌ നേതാവ് മാഡം ബിന്നിന്റെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ശിവസേനയും, ജനസംഘത്തിന്റെ യുവജന സംഘടനകളും ബോംബെ നഗരത്തിൽ തീർത്തത്. മാനവികതയുടെ ശബ്ദമായി വിയറ്റ്നാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതത്തിൽ അലയടിച്ച എ ഐ വൈ എഫ് മുദ്രാവാക്യം ” മേരാ നാം വിയറ്റ്നാം തേരാ നാം വിയറ്റ്നാം ” എന്ന് ഏറ്റു വിളിച്ചുകൊണ്ടാണ് അദ്ദേഹത്തെ ബോംബെയിലെ യുവാക്കൾ എതിരേറ്റത്. എന്നാൽ ” ജല ദോ, ജലദോ, ലാൽ ഝന്ദ ജലാ ദോ .” മുദ്രാവാക്യം വിളികളാണ് സംഘപരിവാർ സംഘടനകൾ ഉയർത്തിയത്. മത വിഭജനാശയങ്ങൾക്കപ്പുറം മനുഷ്യ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മുദ്രാവാക്യങ്ങൾ നമ്മുടെ ക്യാമ്പസുകളിലും മുഴങ്ങേണ്ടതുണ്ട്. River to the sea, palestine will be free…

കടപ്പാട് നവയു​ഗം

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares