തൃശൂർ: എഐവൈഎഫ് മുന്നോട്ടുവച്ച പഠനോപകരണ സ്വീകരണം എന്ന ആശയം മറ്റുള്ള പ്രസ്ഥാനങ്ങളും ഏറ്റെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ആവശ്യപ്പെട്ടു. എ ഐ വൈ എഫ് സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ചിൽ ഉപഹാരങ്ങൾക്ക് പകരം പഠനോപകരണങ്ങൾ നൽകി സ്വീകരിക്കണമെന്നായിരുന്നു തീരുമാനം. സ്വീകരണങ്ങളിൽ ഉപഹാരങ്ങളായി കിട്ടിയ പഠനോപകരണങ്ങളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തൃശ്ശൂർ പുതുക്കാട് കള്ളിച്ചിത്ര ആദിവാസി മേഖലയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ പ്രയാസങ്ങളും ക്ലേശങ്ങളും അനുഭവിക്കുന്നവർക്ക് കരുത്തേകാൻ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനൊരു തുടക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവർക്ക് ഒരു മാതൃകയാക്കാവുന്ന പുതിയ ശൈലിക്കാണ് എഐവൈഎഫ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത് എന്നും എൻ അരുൺ പറഞ്ഞു. പുസ്തകങ്ങൾ ഉൾപ്പെടെ സാധാരണക്കാർക്ക് ആവശ്യമായിട്ടുള്ള വിവിധ ആവശ്യ വസ്തുക്കൾ സഹായമായി എത്തിക്കുവാൻ എല്ലാവരും സന്നദ്ധരാവണമെന്നും എഐവൈഎഫ് മുന്നോട്ടുവച്ച ഈ ആശയം മറ്റുള്ള സംഘടനകളും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.