തിരുവനന്തപുരം : ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ ഇന്നു മുതൽ തുടങ്ങും. ഡിസംബർ 21 ശനിയാഴ്ച മുതൽ 30 വരെയാണ് ക്രിസ്മസ് – ന്യൂയർ ഫെയറുകൾ സംഘടിപ്പിക്കുക. കുറഞ്ഞ ചിലവിൽ സബ്സിഡിയോട് കൂടി ആവശ്യ ഇനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയർ ഫെയറായി പ്രവർത്തിക്കും.
13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉത്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും. ബ്രാന്റഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക.
ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിൽസ് നടത്തും. സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനെക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ജനങ്ങൾക്ക് ലഭ്യമാകുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.