ന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുത്തു. ഗ്യാനേഷ് കുമാറും സുഖ്ബീർ കുമാർ സന്ധുവുമാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ. ഗ്യാനേഷ് കുമാർ കേരള കേഡർ ഉദ്യോഗസ്ഥനാണ്. ഇരുവരെയും കമ്മിഷണർമാരായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയിൽ ചേർന്ന യോഗം തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ കിഞ്ഞദിവസം രാജിവച്ചിരുന്നു. മറ്റൊരു കമ്മീഷണറായ അനിൽ ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ അവേശഷിച്ചിരുന്നത്.
ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനെയും തെരഞ്ഞെടുത്തുകൊണ്ടുള്ള സമിതിയുടെ ശുപാർശ ഇന്നു തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തിൽ വരും. ഇരുവരും നാളെയോടെ ചുമതലയേൽക്കുമെന്നാണ് വിവരം. തുടർന്ന് ഞായറാഴ്ചയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിക്കാനാണ് സാധ്യത.