സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ അധ്യയനവർഷം മുതൽ മധ്യവേനലവധി ഏപ്രിൽ ആറുമുതൽ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 210 പ്രവൃത്തിദിവസം സ്‌കൂളുകളിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അധ്യയനവർഷം കുട്ടികൾക്ക് 210 പ്രവൃത്തിദിവസങ്ങൾ ഉറപ്പാക്കുംവിധമുള്ള അക്കാദമിക കലണ്ടറാണ് തയ്യാറാക്കുന്നത്. കഴിഞ്ഞവർഷം ഇത് പൂർണമായി പാലിക്കാൻ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളും കേന്ദ്രസർക്കാർ നിയമങ്ങളും അനുസരിച്ച് പ്രവൃത്തി ദിവസങ്ങൾ നിർദേശിച്ചിട്ടുണ്ട്. മധ്യവേനലവധി ഏപ്രിൽ ഒന്നിനാണ് നിലവിൽ തുടങ്ങുന്നത്. ഇത് ഏപ്രിൽ ആറുമുതലാക്കാനും ജൂൺ ഒന്നിന് തന്നെ ക്ലാസുകൾ തുടങ്ങാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.