ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ ഇതര സമുദായക്കാരായ അക്രമികള്‍ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. മണിപ്പൂരില്‍ നടന്നത് അതീവ ദുഃഖകരമായ കാര്യതന്നെയണെന്ന് സുപ്രീം കോടതി ആരാഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ശക്തമായി ഇടപെടണം. അല്ലെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കലാപത്തില്‍ സ്ത്രീകളെയും മനുഷ്യ ജീവിതങ്ങളും ഉപകരണങ്ങളാക്കപ്പെടുന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്. വിഷയത്തില്‍ കുറച്ച് സമയം അനുവദിക്കുകയാണ്. അതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കണം. അല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരും. ജൂലൈ 28 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇതര സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് രണ്ടുസ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.