ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇന്നും സുപ്രീംകോടതിയുടെ വിമർശനം. കോടതി പറഞ്ഞാലേ വെളിപ്പെടുത്തൂ എന്ന സമീപനം ശരിയല്ല. ഓരോ തവണയും കോടതി നിർദേശം നൽകണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ സുപ്രീംകോടതി എസ്ബിഐക്ക് നിർദേശം നൽകി. വെളിപ്പെടുത്തിയ ശേഷം ഇക്കാര്യം വ്യക്തമാക്കി വ്യാഴാഴ്ചയ്ക്ക് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു.
വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ എസ്ബിഐ സെലക്ടീവ് ആകരുത്. ബോണ്ടിനെ സംബന്ധിച്ച വിശദാംശങ്ങൾ ജനങ്ങൾ അറിയേണ്ടതാണ്. ഒന്നും മറച്ചുവെക്കാതെ വെളിപ്പെടുത്തി സത്യവാങ്മൂലം നൽകണമെന്നും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടു. എസ്ബിഐ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണോ വാദിക്കുന്നതെന്നും വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു.