അലഹബാദ്: ദുരഭിമാനക്കൊല ചെയ്ത പ്രതികളെ വെറുതെ വിട്ട അലഹബാദ് ഹൈക്കോടതിയെയും വിചാരണ കോടതിയെയും വിമർശിച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട യുവാവ് മറ്റൊരു മതത്തിൽപെട്ട ആളായതിനാലാണോ കൊലപാതക കുറ്റം ഒഴിവാക്കിയതെന്നും അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു.
ദുരഭിമാനക്കൊലയായിട്ടും ചെറിയ വകുപ്പുകളിൽ വിചാരണ നടത്താൻ അനുവദിച്ചത് യുവാവ് പ്രത്യേക മതത്തിൽപ്പെട്ടതിനാലാണോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
മുസ്‌ലിം വിഭാഗത്തിൽപ്പെട്ട യുവാവിനെ പെൺസുഹൃത്തിന്റെ കുടുംബം ദുരഭിമാനക്കൊലക്കിരയാക്കിയിട്ടും പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്താൻ തയ്യാറാകാത്തതിനെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
കൊല്ലപ്പെട്ട സിയ ഉർ റഹ്‌മാന്റെ പിതാവ് നൽകിയ ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പി.വി സഞ്ജയ് ഖന്നയും ജസ്റ്റിസ് പി.വി സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 302 പ്രകാരം കൊലപാതക കുറ്റം ചുമത്താൻ രേഖയിലുള്ള തെളിവുകൾ തന്നെ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിക്കെതിരെ മതിയായ വകുപ്പുകൾ ചുമത്തുന്നതിന് ഹൈക്കോടതിയും വിചാരണ കോടതിയും പരാജയപ്പെട്ടുവെന്നും സുപ്രീം കോടതി പറഞ്ഞു.
ഇത് ദുരഭിമാനക്കൊലപാതകമാണെന്ന് വ്യക്തമാണെന്നും വിചാരണ കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കുന്നതായും സുപ്രീം കോടതി ഉത്തരവിട്ടു. 302 വകുപ്പ് ചുമത്തി വിചാരണ തുടരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം കൊല്ലപ്പെട്ട യുവാവിന്റൈ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും ന്യൂറല്ഡ ഹെമറ്റോമയുണ്ടായെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായിട്ടും മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയത് ആശ്ചര്യമാണെന്നും കോടതി പറഞ്ഞു.
2022 നവംബർ രണ്ടിന് രാത്രി ഇസ്‌ലാംനഗർ ഗ്രാമത്തിലാണ് ഹിന്ദുവിഭാഗത്തിൽപ്പെട്ട തനുവുമായി പ്രണയത്തിലായ സിയയെ പെൺകുട്ടിയുടെ കുടുംബം മർദിച്ചത്. ഫോണിൽ വിളിച്ചുവരുത്തിയ ശേഷം മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സിയയെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നാലെ പെൺകുട്ടിയും ജീവനൊടുക്കുകയായിരുന്നു.