ഡൽഹി: വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകൾ വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷൻ ചെയ്യണം എന്നതാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്.
വോട്ടിങ് യന്ത്രത്തിന്റെ മികവിനെക്കുറിച്ചു സംശയിക്കുന്നവരുടെയും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നു വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ വോട്ടിങ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾ ജഡ്ജിമാർ ഉയർത്തിയിരുന്നു. മൈക്രോ കൺട്രോളർ എവിടെയാണു ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ, തെരഞ്ഞെടുപ്പിനുശേഷം എത്ര ദിവസം വരെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാറുണ്ട് തുടങ്ങിയവയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.