ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകളിൽ കേന്ദ്രത്തിനു തിരിച്ചടി. രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീം കോടതി മരവിപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ ആണ് സുപ്രീം കോടതി മരവിപ്പിച്ചത്. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ കഴിയുന്നവർക്കെതിരെയുള്ള നടപടികളെല്ലാം നിർത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി. പുനപരിശോധനവരെ ഈ വകുപ്പ് ചുമത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 124 എ ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനായി മാർഗനിർദ്ദേശങ്ങളിറക്കാൻ സർക്കാരുകൾ തയ്യാറാവണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാജ്യദ്രോഹ കേസുകളിൽ 13000 പേർ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ എടുത്തിരുന്നത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാൻ പാടുള്ളുവെന്ന് നിർദ്ദേശിക്കാമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം വ്യക്തമാക്കി . നിലവിൽ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തിൽ കേൾക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.