ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യേപക്ഷയിൽ, പരാതി നൽകിയ നടിയുടെയും സംസ്ഥാന സർക്കാരിന്റെയും എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നടപടി.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. സംഭവം നടന്നതായി പറയുന്നത് എട്ടു വർഷം മുൻപാണെന്ന് സിദ്ദിഖിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. പരാതി നൽകാൻ താമസം വന്നത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ നടിയും സർക്കാരും സത്യവാങ്മൂലം നൽകണം. സിദ്ദിഖിന്റെ ഹർജിയിൽ ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.
മുൻകൂർ ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. സിദ്ദിഖ് സിനിമാ രംഗത്തെ പ്രമുഖൻ ആണെന്നും താരങ്ങളുടെ സംഘടനയിൽ നേതൃസ്ഥാനത്തുള്ളയാളാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജി രണ്ടാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും.