ന്യുഡൽഹി: ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ മാംസ ആഹാരം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും സുപ്രീം കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ചിക്കനും ബീഫും ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മൽ അഹമ്മദ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 2021 ജൂൺ 22ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാൻ സുപ്രിംകോടതി നിർദേശം നൽകി.
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്. ദ്വീപ് നിവാസികളുടെ താത്പര്യം കണക്കിലെടുക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇത്തരം പരിഷ്‌കാരം കൊണ്ടുവന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. 1992 മുതൽ പ്രവർത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടിയത്. പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവിൽനിന്ന് നീക്കിയതെന്നും ഹർജിക്കാരന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.