നീറ്റിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയിൽ നേരിയ അശ്രദ്ധയുണ്ടായാൽ പോലും ഏറെ ഗൗരവത്തോടെ കാണണമെന്ന് കോടതി പറഞ്ഞു. വീഴ്ചയുണ്ടായാൽ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി കേന്ദ്രത്തിനും, നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും നോട്ടീസ് അയച്ചു. ഇതിനിടെ പരീക്ഷത്തലേന്ന് ചോദ്യ പേപ്പർ കിട്ടിയതായി ബിഹാറിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ സമ്മതിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഉപദേശ രൂപേണ എന്നാൽ കടുത്ത നിലപാട് മുൻപോട്ട് വച്ചാണ് നീറ്റിലെ റിട്ട് പരാതികളിൽ സുപ്രീംകോടതി നീരീക്ഷണം നടത്തിയത്. കഠിനാധ്വാനം ചെയ്താണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. ആ പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിഗ് ഏജൻസി കുറ്റമറ്റതാകണം. ഒരു തെറ്റ് സംഭവിച്ചെങ്കിൽ അത് സമ്മതിക്കണം. അത് പരിഹരിക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാർത്ഥികൾക്കും, ഏജൻസിക്ക് തന്നെയും ആത്മവിശ്വാസം കൂട്ടും. സമയ ബന്ധിതമായ നടപടിയാണ് എൻടിഎയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.