യുഎപിഎ കേസിൽ സുപ്രിം കോടതി വിട്ടയക്കാൻ ഉത്തരവിട്ട ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിൽ മോചിതനായി. സഹപ്രവർത്തകരും സുഹൃത്തുക്കളും ജയിലിനു പുറത്ത് അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകി. കേസിൽ ഡൽഹി പൊലീസിന് കനത്ത തിരിച്ചടിയായി പ്രബീർ പുരകായസ്തയുടെ അറസ്റ്റും റിമാന്റും നിയമവിരുദ്ധമെന്നാണ് സുപ്രിം കോടതി വിധി.
2023 ഒക്ടോബർ മൂന്നിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു മാസങ്ങൾക്ക് ശേഷമാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിൽ മോചിതനായത്. മണിക്കൂറുകൾക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി, നൂറിലേറെ പേർ രോഹിണി ജയിലിന് പുറത്ത് സ്വീകരിക്കാനായി ഒത്തുകൂടി. പുറത്തിറങ്ങിയ പ്രബീറിനെ മുദ്രാവാക്യം വിളികളോടെ പൂമാലകൾ ഇട്ട് സ്വീകരിച്ചു.
സുപ്രിംകോടതി വിധിയിൽ ഏറെ ബഹുമാനം ഉണ്ടെന്നും നിയമ പോരാട്ടം തുടരുമെന്നും, പ്രബീർ പുരകായസ്ത പറഞ്ഞു. അറസ്റ്റിന്റെ കാരണം പുർകായസ്തയെ അറിയിച്ചിട്ടില്ല എന്നത് അറസ്റ്റിനെ ദുർബലമാക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രിംകോടതി അറസ്റ്റും റിമാൻഡും നിയമവിരുദ്ധമെന്ന് വ്യക്തമാക്കി. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണ കോടതി നിശ്ചയിക്കുന്ന ഉപാധികളോടെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, കേസിന്റെ മെറിറ്റിനെക്കുറിച്ച് സംസാരിക്കരുത്, രാജ്യം വിട്ടുപോകരുത് എന്നീ മൂന്ന് ഉപാധികളോട് ആണ് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയുടെയും ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും ആരോപണം.