ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളുടെ ഹർജിയിൽ ഡൽഹി പോലീസിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത നടപടിക്കെതിരെയാണ് വനിതാ താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതിയുടെ പരിഗണന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ലൈംഗിക പീഡനക്കേസിലെ പരാതിക്കാരായ വനിതാ ഗുസ്തിത താരങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി സംരക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. ജുഡീഷ്യൽ രേഖകളിൽ നിന്ന് ഇവരുടെ വിശദാംശങ്ങൾ നീക്കാനും ഉത്തരവിട്ടു. പരാതിക്കാരുടെ ഐഡന്റിറ്റി മറച്ചുവയ്ക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോട് അഭ്യർഥിച്ചിരുന്നു. പരാതിക്കാരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.