ന്യൂസ്‌ക്ലിക്ക് കേസിൽ കേന്ദ്രത്തിന് വൻ തിരിച്ചടി. ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പ്രബിർ പുർകായസ്തയെ ഉടൻ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു യുഎപിഎ ചുമത്തിയ കേസിൽ പ്രബീറിന്റെ അറസ്‌റ്റും റിമാൻഡും നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞു. റിമാൻഡ് അപേക്ഷയുടെ പകർപ്പ് പ്രബീറിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിചാരണക്കോടതിയാകും ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുക. യുഎപിഎക്കൊപ്പം ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്‌പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീർ പുരകായസ്‌തയെ 2023 ഒക്ടോബർ മൂന്നിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. കർഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളിലെ ന്യൂസ് ക്ലിക്കിന്റെ നിലപാടുകളാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.