ന്യൂഡൽഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഇടിച്ചു പൊളിക്കാനുളള ബി.ജെ.പി നടപടി നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം.തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയത്.
എന്നാൽ, സുപ്രീംകോടതി വിധി പരിഗണിക്കാതെ സ്ഥലത്ത് ഒഴിപ്പിക്കൽ തുടരുകയാണെന്നു റിപ്പോർട്ടുണ്ട്. സ്റ്റേയുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ വാദം. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് മുനിസിപ്പൽ കൗൺസിലിന്റെ നീക്കം.
രാവിലെ കോടതി ചേർന്നയുടൻ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര ഇടപെടൽ വേണമെന്നും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയതായും ദവെ അറിയിച്ചു. അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുള്ളത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് ഇടിച്ചുനിരത്തൽ. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പൊളിക്കൽ രാവിലെ ഒൻപതിനു തന്നെ തുടങ്ങി. കോടതി ഇടപെടൽ ഉണ്ടാവുമെന്ന സംശയത്തിലാണ് ഇതെന്ന് ദവെ പറഞ്ഞു. കേസിൽ നാളെ വിശദമായവാദം കേൾക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടുകയായിരുന്നു.
അനുമതി ഇല്ലാതെ നോമ്പുതുറ സമയത്ത് പൊലീസ് അകമ്പടിയോടെ വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും ആയുധമേന്തി നടത്തിയ ഘോഷയാത്ര ജഹാംഗീർപുരി സി ബ്ലോക്കിൽ കല്ലേറിലും അക്രമത്തിലും കലാശിച്ചിരുന്നു. തുടർന്ന് ഘോഷയാത്രക്കാരെ പിടികൂടാതെ ഒരു വിഭാഗത്തെ മാത്രം ഏകപക്ഷീയമായി അറസ്റ്റ് ചെയ്തത് വിവാദമായി. ഇരു സമുദായക്കാരും അറസ്റ്റിലായെന്ന് പറഞ്ഞ് അത് നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തു വന്നു. അതിനിടയിലാണ് പ്രദേശത്ത് പ്രശ്നമുണ്ടാക്കിയത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നും രോഹിങ്ക്യൻ അഭയാർത്ഥികൾ അതിലുണ്ടെന്നും ബി.ജെ.പി. പ്രചാരണം തുടങ്ങിയത്. ഇതിന് പിന്നാലെ ബി.ജെ.പി മുനിസിപ്പൽ കൗൺസിൽ ബുൾഡോസർ ഓപറേഷന് ഡൽഹി പൊലീസിന്റെ സഹായം തേടി അയച്ച കത്ത് ചൊവാഴ്ച പുറത്തു വന്നു. ബുധനാഴ്ച രാവിലെയോടെ ആയിരത്തോളം പൊലീസുകാരുടെ കാവലിൽ ബുൾഡോസറുകൾ കൊണ്ടുവരികയും ഒഴിപ്പിക്കൽ നടപടി തുടങ്ങുകയും ചെയ്തു.