ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദേശം നടപ്പാക്കാത്ത പഞ്ചാബ് സർക്കാരിന്റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കർഷകരുമായി അനുരഞ്ജനം പാടില്ലെന്ന നിലപാടാണ് പഞ്ചാബ് സർക്കാരിന്റേതെന്ന് കോടതി വിമർശിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തിൽ സർക്കാർ പരാജയപ്പെട്ടാൽ കോടതി ഇടപെടുമെന്നും സുപ്രീംകോടതി അറിയിച്ചു.
ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്ന് അർത്ഥമാക്കുന്നില്ല. വൈദ്യസഹായം ലഭിക്കുമ്പോൾ തന്നെ ധല്ലേവാളിന് നിരാഹാര സമരം തുടരാമെന്ന് സംസ്ഥാന സർക്കാർ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം ധല്ലേവാളിനോട് വൈദ്യസഹായം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ് സുപ്രീംകോടതിയെ അറിയിച്ചു.